ലബനനില്‍ വെടിനില്‍ത്തല്‍ നിലവില്‍ വന്നു. ബുധനാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ നാലു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയത്. വെടിനിര്‍ത്തല്‍ തീരുമാനം പ്രഖ്യാപിച്ച് വൈറ്റ് ഹൗസില്‍ നിന്ന് ലോകത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്. എന്നാല്‍, യുഎസിന്റെ പ്രഖ്യാപനം വന്നിട്ടും യുദ്ധം നിര്‍ത്താന്‍ ഇസ്രയേല്‍ തയ്യാറായിട്ടില്ല. ബൈഡന്റെ പ്രഖ്യാപനത്തിനു പിന്നാലെ ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു.
ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലയിലുള്ള ആളുകളോട് ഒഴിഞ്ഞുപോകാനും ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഇതോടെ വെടിനിര്‍ത്തല്‍ അനിശ്ചിതത്വത്തിലായി. യുഎസിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ കരാറിന് രൂപം നല്‍കിയത്. വെടിനിര്‍ത്തല്‍ ധാരണയെ ലബനന്റെ കെയര്‍ടേക്കര്‍ പ്രധാനമന്ത്രി നജീബ് മികാട്ടി സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ തീരുമാനം ലബനനിലെയും വടക്കന്‍ ഇസ്രയേലിലെയും സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറും അഭിപ്രായപ്പെട്ടു. പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം ഉണ്ടായത്.
വെടിനിര്‍ത്തല്‍ തീരുമാനം സന്തോഷകരമായ വാര്‍ത്തയാണന്നു പറഞ്ഞ ബൈഡന്‍, ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും ഈ തീരുമാനം പ്രേരണയാകുമെന്നും വ്യക്തമാക്കി. മേഖലയിലെ സംഘര്‍ഷത്തിന് ശാശ്വത വിരാമം എന്ന നിലയിലാണ് വെടിനിര്‍ത്തലെന്നും കരാര്‍ ലംഘിച്ചാല്‍ സ്വയരക്ഷയെ കരുതി ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നും ബൈഡന്‍ പറഞ്ഞിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിളിച്ചു ചേര്‍ത്ത സുരക്ഷാ മന്ത്രിസഭ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് യുഎസ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്.
വെടിനിര്‍ത്തല്‍ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കന്‍ മേഖലയിലെ താവളങ്ങളൊഴിഞ്ഞ് ലിറ്റനി നദിയുടെ വടക്കോട്ടു പിന്‍മാറണം. ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ ഇസ്രയേല്‍ പിന്‍വലിക്കും. എന്നാല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇറാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലബനനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതെന്നും നെതന്യാഹു വ്യക്തമാക്കി. സൈന്യത്തിന് വിശ്രമം നല്‍കുന്നതിനൊപ്പം കുറവുവന്ന ആയുധങ്ങള്‍ വീണ്ടും സംഭരിക്കുക, ഹമാസിനെ ഒറ്റപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് വെടിനിര്‍ത്തലിന് കാരണം. ഹിസ്ബുല്ല ഇപ്പോള്‍ വളരെ ദുര്‍ബലമാണ്. അവരുടെ നേതാക്കളെ വധിച്ചതിനൊപ്പം മിസൈലുകളും റോക്കറ്റുകളും തകര്‍ത്തു. അവരുടെ ആയിരക്കണക്കിന് പോരാളികളെ നിര്‍വീര്യമാക്കി. അതിര്‍ത്തിക്കടുത്തുള്ള ഹിസ്ബുല്ല അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തതായും നെതന്യാഹു അവകാശപ്പെട്ടു.
വെടിനിര്‍ത്തല്‍ ശുപാര്‍ശകളോട് അനുകൂല നിലപാടാണ് ഹിസ്ബുല്ല സ്വീകരിച്ചതെന്ന് ലബനന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഹിസ്ബുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ടും ആക്രമണവുമായി ഇസ്രയേല്‍ മുന്നോട്ടുപോകുകയാണ്. ഇത് ഹിസ്ബുള്ളയെ ചൊടിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
അതിനിടെ, ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസം ഹിസ്ബുള്ള ഇസ്രയേലില്‍ നടത്തിയത്. 24 മണിക്കൂറില്‍ 51 തവണയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേല്‍-ഹിസ്ബുള്ള പോരാട്ടം തുടങ്ങിയ ശേഷം ഇത്രയും കനത്ത ആക്രമണം ഹിസ്ബുള്ള നടത്തിയിട്ടില്ല.
350 ഓളം റോക്കറ്റുകളാണ് ഇസ്രയേല്‍ ലക്ഷ്യമാക്കി പാഞ്ഞത്. ഒപ്പം ഡ്രോണുകളും മിസൈലുകളും ഇസ്രയേലിലേക്ക് ഹിസ്ബുള്ള തൊടുത്തുവിട്ടു. ടെല്‍ അവിവ് ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെല്ലാം. 543 തവണയാണ് അപായ സൈറന്‍ മുഴങ്ങിയത്. 4 ദശലക്ഷം ഇസ്രയേലികള്‍ ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണങ്ങളില്‍ ഇസ്രയേല്‍ വിറച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രയേലിലെ സൈനിക താവളങ്ങളും നഗരങ്ങളും ലക്ഷ്യമാക്കി ബോംബാക്രമണം നടത്തി. കഴിഞ്ഞ ഒക്ടോബറിനു ശേഷം നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണിതെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടതായി പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.