ഇന്റലിജൻസ്- സുരക്ഷാ ഏജൻസി മേധാവിയെ പുറത്താക്കി ഇസ്രായേൽ

ഹമാസ് ആക്രമണത്തിന് മുമ്പുതന്നെ നെതന്യാഹുവുമായുള്ള ബാറിന്റെ ബന്ധം വഷളായിരുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച നിർദിഷ്ട ജുഡീഷ്യൽ പരിഷ്കാരങ്ങളെ ചൊല്ലിയുൾപ്പെടെയായിരുന്നു ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസം

author-image
Prana
New Update
nn

ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന്റെ തലവൻ റോനൻ ബാറിനെ പുറത്താക്കി ഇസ്രായേൽ. റോനൻ ബാറിന്മേലുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി.‌ 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആഭ്യന്തര സുരക്ഷാ ഏജൻസിയുടെ തലവനെ സ്ഥാനത്തുനിന്ന് നീക്കുന്നത്.ഐഎസ്എ (ഇസ്രായേൽ സുരക്ഷാ ഏജൻസി) ഡയറക്ടർ കൂടിയായ റോനൻ ബാറിനെ പുറത്താക്കാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശം മന്ത്രിസഭ ഐകകണ്ഠ്യേന അംഗീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. ഏപ്രിൽ 10ന് അല്ലെങ്കിൽ ഒരു സ്ഥിരം ഐഎസ്എ ഡയറക്ടറെ നിയമിക്കുമ്പോൾ, റോണൻ ബാറിന്റെ ചുമതലകൾ അവസാനിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കിയുള്ള ബാറിനെ, 2021 ജൂണിനും 2022 ഡിസംബറിനും ഇടയിൽ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ മുൻ ഇസ്രായേലി സർക്കാരാണ് നിയമിച്ചത്. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് മുമ്പുതന്നെ നെതന്യാഹുവുമായുള്ള ബാറിന്റെ ബന്ധം വഷളായിരുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച നിർദിഷ്ട ജുഡീഷ്യൽ പരിഷ്കാരങ്ങളെ ചൊല്ലിയുൾപ്പെടെയായിരുന്നു ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസം. 

israel