ഗാസയിലേക്കുള്ള സഹായങ്ങള്‍ ഇസ്രയേല്‍ തടഞ്ഞു

സഹായങ്ങള്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ചതിനെ തുടര്‍ന്നാണ് സഹായങ്ങള്‍ തടഞ്ഞത്. സഹായങ്ങളുടെ വിതരണം പൂര്‍ണമായി തടയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

author-image
Biju
New Update
urut

ടെല്‍ അവീവ് : ഗാസ മുനമ്പിലേക്കുള്ള എല്ലാ സഹായങ്ങളുടെയും വിതരണം ഇസ്രയേല്‍ തടഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള യുഎസ് നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു. 

സഹായങ്ങള്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ഇസ്രയേല്‍  ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ചതിനെ തുടര്‍ന്നാണ് സഹായങ്ങള്‍ തടഞ്ഞത്. സഹായങ്ങളുടെ വിതരണം പൂര്‍ണമായി തടയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

ഗാസ വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ എങ്ങുമെത്താതെ പിരിഞ്ഞിരുന്നു. ജനുവരിയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ മൂന്നു ഘട്ടമായുള്ള വെടിനിര്‍ത്തലിനു ധാരണയായിരുന്നെങ്കിലും രണ്ടാം ഘട്ടത്തിലേക്കു പോകുന്നതിനു പകരം ഒന്നാംഘട്ടം നാലാഴ്ച കൂടി നീട്ടാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. ഇതിനോടു യോജിക്കാന്‍ ഹമാസ് തയാറാവാത്തതാണു സാഹചര്യം വഷളാക്കിയിരിക്കുന്നത്. 

വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം റമസാന്‍ വരെയോ ഏപ്രില്‍ 20 വരെയോ നീട്ടാന്‍ യുഎസിന്റെ മധ്യപൂര്‍വേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം അംഗീകരിക്കുന്നതായി ഇസ്രയേല്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പകുതി ബന്ദികളെ ആദ്യ ദിവസവും ബാക്കി ബന്ദികളെ അവസാന വെടിനിര്‍ത്തല്‍ കരാറിലെത്തുമ്പോഴുമായി മോചിപ്പിക്കണമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

ഇക്കാര്യത്തില്‍ ഹമാസ് ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കു മധ്യസ്ഥത വഹിച്ച യുഎസ്, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളും പ്രതികരിച്ചിട്ടില്ല.

 

Benjamin Netanyahu Prime Minister Benjamin Netanyahu