ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ അനിശ്ചിതത്വത്തില്‍

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ അനിശ്ചിതത്വത്തില്‍. ഞായറാഴ്ചയാണ് വെടിനിര്‍ത്തല്‍ പ്രബല്യത്തില്‍ വരേണ്ടത്.ഗസയില്‍ സമാധാനം വരും എന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. ലോകം കാത്തിരുന്ന നിമിഷം

author-image
Rajesh T L
New Update
ii

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ അനിശ്ചിതത്വത്തില്‍.ഞായറാഴ്ചയാണ് വെടിനിര്‍ത്തല്‍ പ്രബല്യത്തില്‍ വരേണ്ടത്. ഗസയില്‍ സമാധാനം വരും എന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. ലോകം കാത്തിരുന്ന നിമിഷം. എന്നാല്‍, അവസാന നിമിഷം എല്ലാം തകിടം മറിഞ്ഞു. എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഇസ്രയേല്‍-ഗസ വെടിനിര്‍ത്തല്‍ കരാര്‍ ഇരുവിഭാഗവും അംഗീകരിച്ചെന്ന വാര്‍ത്ത പുറത്തുവന്നത് ഏറെ ആശ്വാസത്തോടെയാണ് ലോകം സ്വീകരിച്ചത്.ഘട്ടം ഘട്ടമായി ഹമാസിന്റെ കസ്റ്റഡിയിലുള്ള ഇസ്രയേലി ബന്ദികളുടെ മോചനമാണ് വെടിനിര്‍ത്തല്‍ കരാറിലെ ഒരു വ്യവസ്ഥ.ആദ്യ ഘട്ടത്തില്‍ ബന്ദികളില്‍ കുറച്ചുപേരെ മോചിപ്പിക്കും. വെടിനിര്‍ത്തല്‍ തുടരുന്ന മുറയ്ക്ക് കൂടുതല്‍ ബന്ദികളെ മോചിപ്പിക്കും. ഇതാണ് കരാറിലെ വ്യവസ്ഥ.

എന്നാല്‍, അവസാന നിമിഷം ആദ്യ ഘട്ടത്തില്‍ വിട്ടയക്കുന്ന ബന്ദികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടിരിക്കുകയാണ് നെതന്യാഹു.ലിസ്റ്റ് നല്‍കാനാവില്ലെന്നാണ് ഹമാസ് പറയുന്നത്. ടെക്‌നിക്കല്‍ റീസണ്‍സ് അതായത് സാങ്കേതിക കാരണങ്ങളാല്‍ ലിസ്റ്റ് പുറത്തുവിടാനാവില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഇതോടെ വെടിനിര്‍ത്തല്‍ കരാര്‍ പ്രബല്യത്തില്‍ വരുന്നത് നീണ്ടു പോകുകയാണ്.ഹമാസ് ബാധ്യതകള്‍ നിറവേറ്റുന്നില്ലെന്നാണ് ഇസ്രയേല്‍ സൈനിക വക്താവ് കുറ്റപ്പെടുത്തിയത്. ഹമാസ് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാത്തിടത്തോളം ഇസ്രായേല്‍ ആക്രമണം തുടരുമെന്നും ഇസ്രായേല്‍ സൈനിക വക്താവ് മുന്നറിയിപ്പ് നല്‍കി.

മിഡില്‍ ഈസ്റ്റിനെ ഭീതിയുടെ മുള്‍മുനയില്‍ നില്‍ത്തിയ 15 മാസത്തെ യുദ്ധത്തിന് അവസാനമാകും എന്ന പ്രതീക്ഷയിലായിരുന്നു ലോകം.ഗസയില്‍ സമാധാനത്തിന്റെ വഴി തുറക്കും എന്നു തന്നെയായിരുന്നു പ്രതീക്ഷ.ഞായറാഴ്ച മോചിപ്പിക്കാനിരുന്ന ആദ്യത്തെ മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് നല്‍കുന്നതുവരെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരില്ല എന്നാണ് ഒരു മണിക്കൂര്‍ മുമ്പ് നെതന്യാഹു പ്രഖ്യാപിച്ചത്.ഞായറാഴ്ച രാവിലെ 8:30 നായിരുന്നു വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരേണ്ടിയിരുന്നത്. തട്ടിക്കൊണ്ടുപോയവരുടെ പട്ടിക ഇസ്രായേലിന് ലഭിക്കുന്നതുവരെ വെടിനിര്‍ത്തല്‍ ആരംഭിക്കില്ലെന്ന് പ്രധാനമന്ത്രി ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇസ്രയേലികളില്‍ നിന്നുള്ള ചില മനുഷ്യാവാകാശപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇസ്രയേല്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് നെതന്യാവുവിന്റെ മലക്കംമറിച്ചില്‍.കരാര്‍ അംഗീകരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നെതന്യാഹു സര്‍ക്കാരിനെതിരെ ഇസ്രയേല്‍ തെരുവുകളില്‍ വന്‍ പ്രതിഷേധവും അരങ്ങേറിയിരുന്നു.ജറൂസലേമിലെ പ്രധാന റോഡുകള്‍ തടഞ്ഞ ഇവര്‍, ഇസ്രയേല്‍ ഹമാസിന്റെ മുന്നില്‍ കീഴടങ്ങിയെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് പ്രതിഷേധം അറിയിച്ചത്.കരാറിലെ വ്യവസ്ഥകള്‍ പ്രകാരം കുറ്റവാളികളായ പലസ്തീനികളെ വിട്ടയക്കുന്നത് ഇസ്രയേലിന്റെ സുരക്ഷ അപകടത്തിലാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച ബുധനാഴ്ച മുതലാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിന്റെ മുന്നില്‍ ഇവര്‍ പ്രതിഷേധിക്കുന്നത്.

കൊല്ലപ്പെട്ട ഇസ്രയേല്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ജിവുറ ഫോറം,പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനെ എതിര്‍ക്കുന്ന,ബന്ദികളുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയുള്ള ടിക് വ ഫോറം തുടങ്ങി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.വെടിനിര്‍ത്തല്‍ കരാറില്‍ ആശങ്കയുണ്ടെന്നാണ് ടിക് വ ഫോറം അവകാശപ്പെട്ടത്.ഈ കരാര്‍ ഇസ്രയേലികള്‍ക്ക് ദുരന്തം വരുത്തിവെക്കുമെന്ന് ജിവുറ ഫോറം ചെയര്‍ യെഷോഷുവ ഷാനി മുന്നറിയിപ്പ് നല്‍കി.ഇസ്രയേലി പതാക കൊണ്ട് പൊതിഞ്ഞ ഡസന്‍ കണക്കിന് പ്രതീകാത്മക ശവപ്പെട്ടികളുമായി പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി.

israel and hamas conflict israel ceasefire in gaza