/kalakaumudi/media/media_files/2025/02/21/4Qg6zlthhHcZpWsm7FGG.jpg)
ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ മൃതദേഹങ്ങളില്‍ ഒരെണ്ണം ബന്ദികളുടേതല്ലെന്ന് ഇസ്രയേല്‍ സൈന്യം. 2023 ഒക്ടോബര്‍ 7ല്‍ ഇസ്രയേലിലേക്ക് കടന്ന് ഹമാസ് ബന്ദികളാക്കിയ ബീബസ് കുടുബത്തിലെ 33കാരി ഷിറി ബീബസിന്റേതെന്ന് അവകാശപ്പെട്ട് ഹമാസ് തിരിച്ചെത്തിയ മൃതദേഹം ഷിറിയുടേതല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു.
മറ്റു ബന്ദികളുടെ സാംപിളുമായും മൃതദേഹം യോജിക്കുന്നില്ല. അജ്ഞാത മൃതദേഹമാണ് ഹമാസ് കൈമാറിയതെന്നും ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) എക്‌സില്‍ പറഞ്ഞു. ഹമാസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര കരാര്‍ ലംഘനമാണിതെന്നും മറ്റു ബന്ദികള്‍ക്കൊപ്പം ഷിറിയുടെ മൃതദേഹവും ഉടന്‍ കൈമാറണമെന്നും ഐഡിഎഫ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, കഴിഞ്ഞ ദിവസം കൈമാറിയ നാലു മൃതദേഹങ്ങളില്‍ രണ്ടെണ്ണം ഷിറിയുടെ മക്കളായ ഏരിയലിന്റെയും കഫീറിന്റെതുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏരിയലിന് നാലും കഫീറിന് പത്തുമാസവും പ്രായമുള്ളപ്പോഴാണ് അവര്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. ക്രൂരമായാണ് കുട്ടികളെ കൊലപ്പെടുത്തിയിട്ടുള്ളതെന്നും അവര്‍ ആരോപിച്ചു. ഷിറിയും മക്കളും ഇസ്രയേല്‍ മിസൈലാക്രമണത്തില്‍ 2023 നവംബറില്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനുള്ള തെളിവുകളൊന്നും നല്‍കിയിരുന്നില്ല.