ബന്ദി കൈമാറ്റം; ജയിലിന് പുറത്ത് സംഘര്‍ഷം

മോചനം പ്രതീക്ഷിച്ച് ജയില്‍ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കള്‍ക്ക് ഇവരെ എപ്പോള്‍ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. അതിനിടെ, ജയിലിന് പുറത്ത് തമ്പടിച്ചവരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

author-image
Biju
New Update
www

Jubilant Palestinians gather around a Red Cross bus carrying freed Palestinian prisoners after their release from an Israeli

ടെല്‍ അവീവ്: ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ ധാരണ പ്രകാരമുള്ള പലസ്തീനികളെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെര്‍ സൈനിക ജയിലിലുള്ള 90 പേരെയാണ് വിട്ടയച്ചത്. പ്രതീക്ഷിച്ചതിലും വൈകിയായിരുന്നു  മോചനം. 

മോചനം പ്രതീക്ഷിച്ച് ജയില്‍ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കള്‍ക്ക് ഇവരെ എപ്പോള്‍ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. അതിനിടെ, ജയിലിന് പുറത്ത് തമ്പടിച്ചവരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിന്റെ ആദ്യ ദിവസം തന്നെ 90 പേരെയും മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ ഉറപ്പ് നല്‍കിയിരുന്നു. അതേസമയം, ഹമാസ് മോചിപ്പിച്ച ഇസ്രയേലി വനിതാ തടവുകാര്‍ കുടുംബാംഗങ്ങളെ കണ്ടു.

15 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകള്‍ക്കാണ് ഇസ്രയേല്‍ - ഹമാസ് സമാധാന കരാറോടെ അവസാനമാകുന്നത്. ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തോടെ തുടങ്ങിയ സംഘര്‍ഷം മധ്യപൂര്‍വേഷ്യയെ ആകെ അസ്ഥിരമാക്കി. യുദ്ധത്തില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

2023 ഒക്ടോബര്‍ 7നായിരുന്നു ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘത്തിന്റെ ആക്രമണം. ലക്ഷ്യം പട്ടാളക്കാര്‍ മാത്രമായിരുന്നില്ല, അവധി ദിവസം ആഘോഷിക്കുകയായിരുന്നവരെ ഹമാസ് നിര്‍ദ്ദയം കൊന്നൊടുക്കി. 1200ലധികം ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. 250ലേറെപ്പേര്‍ ബന്ദികളാക്കപ്പെട്ടു. ചരിത്രത്തിലെങ്ങും ഇസ്രയേല്‍ അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധി ഘട്ടമായിരുന്നു അത്. പേരുകേട്ട പ്രതിരോധ സംവിധാനം പോലും നിഷ്ഫലമായ മണിക്കൂറുകളായിരുന്നു.

ആദ്യം പകച്ചെങ്കിലും ഇസ്രയേല്‍ പ്രത്യാക്രമണം തുടങ്ങി. ഗാസ സിറ്റിയില്‍ നിന്ന് ഒഴിഞ്ഞു പോവാന്‍ സാധാരണക്കാരോട് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ തുടര്‍ച്ചയായ ആക്രമണങ്ങളുടേതായിരുന്നു. ലക്ഷ്യം ഹമാസിന്റെ ഒളിത്താവളങ്ങളായിരുന്നെങ്കിലും കൊല്ലപ്പെട്ടവരിലധികവും സാധാരണക്കാരായിരുന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയടക്കം ആക്രമിക്കപ്പെട്ടു.

നവംബര്‍ 21ന് ഏഴ് ദിവസത്തെ താല്‍കാലിക വെടിനിര്‍ത്തല്‍ ഉണ്ടായി. ബന്ദികളെ പരസ്പരം കൈമാറി. പക്ഷേ അതൊരു അര്‍ദ്ധവിരാമം മാത്രമായിരുന്നു. ഡിസംബര്‍ ഒന്ന് മുതല്‍ ആക്രമണം പൂര്‍വാധികം ശക്തമായി. തെക്കന്‍ ഗാസയില്‍ കരയുദ്ധവും ഇസ്രായേല്‍ തുടങ്ങി. ജനുവരി ഒന്നിന് വടക്കന്‍ ഗാസയില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും ആക്രമണം പിന്നെയും തുടര്‍ന്നു. 

അന്താരാഷ്ട്ര നീതിന്യായ കോടതി ഇടപെട്ടെങ്കിലും അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. ഏപ്രില്‍ ഒന്നിന് ഡമാസ്‌കസിലെ ഇറാന്‍ എംബസിയും ഇസ്രയേല്‍ ആക്രമിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥനടക്കമുള്ളവര്‍ കൊല്ലപ്പെട്ടു. മുന്നൂറോളം മിസൈലുകളും ഡ്രോണുകളും ഇസ്രായേലിലേക്ക് അയച്ചായിരുന്നു ഇറാന്റെ മറുപടി. പ്രതീക്ഷിച്ച പോലെ അതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍, ഇസ്രയേല്‍ റഫയും ആക്രമിച്ചു. ലോകമെങ്ങു നിന്നും പ്രതിഷേധമുയര്‍ന്നു. 

ഗാസയുടെ പട്ടിണിയും വിശപ്പും ചര്‍ച്ചയായി. ജൂലൈ മാസത്തിന്റെ തുടക്കത്തോടെ ഖാന്‍ യൂനിസില്‍ നിന്നും റഫയില്‍ നിന്നും ഇസ്രായേല്‍ പിന്മാറ്റം തുടങ്ങി. പക്ഷേ ജൂലൈ 27ന് ഗോലന്‍ കുന്നുകളില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണത്തില്‍ 12കുട്ടികള്‍ കൊല്ലപ്പെട്ടു. നാലാം ദിവസം ഹമാസിന്റെ തലച്ചോറായിരുന്ന ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു മണിക്കൂറുകള്‍ക്കകമുള്ള ആക്രമണം ഇറാനുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു. 

 

israel and hamas conflict