ദമാസ്ക്കസ് :വിമതര്‍ നിയന്ത്രണം ഏറ്റെടുത്ത സിറിയയില്‍ കനത്ത ആക്രമണം നടത്തുകയാണ് ഇസ്രയേല്‍. ആക്രമണം ശക്തമാക്കിയ ഇസ്രയേല്‍, കൂടുതല്‍ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയില്‍ അഞ്ചു മണിക്കൂറിനിടെ 61 മിസൈലുകളാണ് ഇസ്രയേല്‍ സിറിയയിലേക്ക് തൊടുത്തുവിട്ടത്.സിറിയയിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷമിട്ടായിരുന്നു ആക്രമണങ്ങളെന്ന് യുദ്ധ നിരീക്ഷകരായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.
അതിനിടെ, സിറിയയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങള്‍ക്കെതിരെ വിമതസേനയായ തഹ്രീര്‍ അല്‍ ഷാമിന്റെ തലവന്‍ അബു മുഹമ്മദ് അല്‍ ജൊലാനി പ്രതികരിച്ചു. സിറിയയില്‍ ആക്രമണം നടത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് ജൊലാനി പറഞ്ഞു. ഇസ്രയേല്‍ പ്രതിരോധസേനയുടെ ആക്രമണങ്ങള്‍ പരിധിവിട്ടു.വര്‍ഷങ്ങളോളം നീണ്ട യുദ്ധത്താലും സംഘര്‍ഷങ്ങളാലും സിറിയ തളര്‍ന്നിരിക്കുന്നു.സിറിയയെ കൂടുതല്‍ പ്രക്ഷുബ്ധമാക്കാന്‍ ഇനി ആരെയും അനുവദിക്കില്ലെന്നും ജൊലാനി വ്യക്തമാക്കി.
സിറിയയെ നശിപ്പിക്കുന്ന സംഘര്‍ഷങ്ങളല്ല ലക്ഷ്യം.രാജ്യത്തിന്റെ പുനര്‍നിര്‍മാണമാണ്.സിറിയയെ ആക്രമണത്തിനുള്ള വേദിയാക്കിയത് ഇറാനാണ്.അതിന് അന്ത്യം കുറിക്കാന്‍ വിപ്ലവത്തിലൂടെ സാധിച്ചു.എന്നാലും ഇറാനുമായി ശത്രുതയില്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല.സിറിയയിലെ ഇറാന്റെ സാന്നിധ്യം അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഇറാനിയന്‍ ജനതയോട് ശത്രുതയില്ലെന്നും ജൊലാനി വ്യക്തമാക്കി.
സിറിയന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജൊലിനിയുടെ പ്രതികരണം.സിറിയയില്‍ അധികാരം പിടിച്ച വിമത ഗ്രൂപ്പുമായി യു.എസ് നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ വ്യക്തമാക്കിയത്.ഹയാത് തഹ്‌രീർ അല്‍-ഷാമുമായും മറ്റുള്ളവരുമായും ബന്ധപ്പെടുന്നുണ്ട്.സിറിയയില്‍ 2012 മുതല്‍ കാണാതായ യു.എസ് മാധ്യമപ്രവര്‍ത്തകന്‍ ആസ്റ്റിന്‍ ടൈസിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിറിയയില്‍ നിന്നും റഷ്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെ കുറിച്ച് പ്രതികരിക്കാന്‍ ആന്റണി ബ്ലിങ്കണ്‍ തയാറായില്ല.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരണത്തിനില്ല. ഇക്കാര്യത്തില്‍ യു.എസ് ഭരണകൂടത്തിന്റെ അന്വേഷണത്തിന് ശേഷം മാത്രമേ പ്രതികരിക്കാന്‍ സാധിക്കുവെന്നും ആന്റണി ബ്ലിങ്കണ്‍ പറഞ്ഞു.
നേരത്തെ സിറിയയില്‍ സമാധാനപരമായ അധികാരക്കൈമാറ്റം സാധ്യമാക്കാന്‍ മേഖലയിലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടിയിരുന്നു. തുര്‍ക്കിയ പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനുമായും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അല്‍ സുഡാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
സിറിയയുടെ ഭാവി സംബന്ധിച്ച് തുര്‍ക്കിയയും യു.എസും തമ്മില്‍ വ്യക്തമായ ധാരണയുണ്ടെന്ന് തുര്‍ക്കിയ വിദേശകാര്യ മന്ത്രി ഹകന്‍ ഫിദനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത പ്രസ്താവനയില്‍ ബ്ലിങ്കന്‍ പറഞ്ഞിരുന്നു. അതിനിടെ,അസദിന്റെ ശക്തികേന്ദ്രങ്ങളില്‍ വിമതര്‍ക്കു നേരെ ആക്രമണം നടത്തുന്നുണ്ട്.
ശനിയാഴ്ച വിമതര്‍ക്കുനേരേയുണ്ടായ ഒളിയാക്രമണത്തില്‍ നാലുപേര്‍ മരിച്ചു.മെഡിറ്ററേനിയന്‍ തീരനഗരങ്ങളായ ലടാകിയ, ടാര്‍ട്ടസ്, ബജ്‌ലഹ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.തുര്‍ക്കി അനുകൂല സുന്നിസംഘടനായ ഫയ്ലാഖ് അല്‍ ഷാമിലെ അംഗങ്ങളാണ് മരിച്ചത്.സിറിയയില്‍ പലയിടങ്ങളിലും ജനജീവിതം സാധാരണനിലയിലേക്കുമടങ്ങി.രാജ്യത്തെ സ്‌കൂളുകളും കോളേജുകളും ഞായറാഴ്ച തുറന്നു.അഞ്ചുദിവസത്തിനിടെ തുര്‍ക്കി അതിര്‍ത്തി വഴി 7600 സിറിയന്‍ അഭയാര്‍ഥികള്‍ സ്വന്തം രാജ്യത്തേക്കുമടങ്ങിയെന്ന് സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.