/kalakaumudi/media/media_files/2026/01/14/qat2-2026-01-14-23-00-23.jpg)
വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ ഏറ്റവും വലിയ സൈനിക താവളത്തില്‍നിന്ന് ചില ഉദ്യോഗസ്ഥരോട് ഒഴിയാന്‍ യുഎസ് നിര്‍ദേശം നല്‍കി. ട്രംപ് ഭരണകൂടം ഇറാനെതിരെ സൈനിക നടപടിക്ക് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണിതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖത്തറിലെ അല്‍-ഉദൈദ് വ്യോമത്താവളത്തില്‍നിന്ന് ചില സൈനിക ഉദ്യോഗസ്ഥരോട് ഒഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതൊരു മുന്‍ കരുതല്‍ നടപടിയെന്നാണ് യുഎസ് ഉദ്യഗസ്ഥര്‍ നല്‍കുന്ന വിവരം.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറാന്റെ ആണവ നിലയങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതിനെത്തുടര്‍ന്ന്, ഇറാന്‍ ഖത്തറിലെ താവളത്തെ ലക്ഷ്യമിട്ടിരുന്നു. ഏകദേശം പതിനായിരത്തോളം യുഎസ് സൈനികരാണ് ഖത്തറിലെ താവളത്തിലുള്ളതെന്നാണ് വിവരം. ഇറാനെതിരെ ആക്രമണമുണ്ടായാല്‍ ആദ്യം തിരിച്ചടി ഉണ്ടായേക്കാവുന്ന കേന്ദ്രമായിട്ടാണ് ഖത്തറിലെ യുഎസ് താവളമെന്നാണ് യുഎസിന്റെ കണക്ക്ക്കൂട്ടല്‍.
ഇസ്രയേല്‍-ഇറാന്‍ യുദ്ധ സമയത്ത്, ഇറാനിലെ ആണവ നിലയങ്ങളില്‍ ആക്രമണം നടത്തുന്നതിന് മുമ്പും ഈ താവളം ഒഴിപ്പിക്കാന്‍ യുഎസ് നടപടികള്‍ സ്വീകരിച്ചിരുന്നു.
ഇതിനിടെ ഇറാനെതിരെ യുഎസിന്റെ സൈനിക നടപടി ഒഴിവാക്കാന്‍ തുര്‍ക്കി ശ്രമങ്ങള്‍ നടത്തിവരുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചര്‍ച്ചകളുടെ സമയം കഴിഞ്ഞെന്നാണ് യുഎസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഇറാനില്‍ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യത്തിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പ്രതിഷേധം സര്‍ക്കാരിനെതിരായ ആഭ്യന്തര യുദ്ധമായി കണക്കാക്കി അറസ്റ്റ് ചെയ്യാനും വിചാരണ നടപടികള്‍ നടത്താനുമാണ് നിര്‍ദേശം.
യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് ഒരു മാസത്തിനിടെ ഇറാനില്‍ 2400 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതിനിടെ 26-കാരനായ ഒരു പ്രക്ഷോഭകനെ തൂക്കിലേറ്റാന്‍ വിധിക്കുകയും ചെയ്തിട്ടുണ്ട്. ഈ നീക്കത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിമുഴക്കി രംഗത്തെത്തിയിട്ടുണ്ട്.
'അവര്‍ തൂക്കിലേറ്റിയാല്‍, നിങ്ങള്‍ ചില കാര്യങ്ങള്‍ കാണും... അവര്‍ അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ വളരെ ശക്തമായ നടപടി സ്വീകരിക്കും' ട്രംപ് പ്രതികരിച്ചു. ഇര്‍ഫാന്‍ സൊല്‍ത്താനി എന്ന 26-കാരനെയാണ് തൂക്കിലേറ്റാന്‍ ഇറാന്‍ കോടതി വിധിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രണ്ട് ദിവസത്തിനുള്ളിലാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചതെന്നാണ് ആരോപണം. ഇയാള്‍ നിലവില്‍ തൂക്കിലേറ്റിയോ എന്നത് വ്യക്തമല്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്റര്‍നെറ്റ് നിരോധനം കാരണം ഇറാനില്‍നിന്നുള്ള വിവരങ്ങള്‍ പുറത്ത് വരുന്നതിന് തടസ്സങ്ങള്‍ നേരിടുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
