/kalakaumudi/media/media_files/2025/11/20/lebanan-2025-11-20-08-39-49.jpg)
ജറുസലം: തെക്കന്‍ ലബനനില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ഒരാള്‍ കൊല്ലപ്പെട്ടു. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങളാണ് ആക്രമിക്കുന്നതെന്നും അതിര്‍ത്തി മേഖലയില്‍ ഹിസ്ബുല്ല ശക്തി പ്രാപിക്കുന്നത് തടയാനാണ് ആക്രമണമെന്നും ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു. 2024 നവംബറില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷം ഹിസ്ബുല്ല വീണ്ടും ആയുധങ്ങള്‍ സംഭരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇസ്രയേല്‍ ആരോപിച്ചു.
തെക്കന്‍ ലബനനില്‍ നാലു ഗ്രാമങ്ങളിലെ കെട്ടിടങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി സമൂഹമാധ്യമങ്ങളിലൂടെ ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കിയതിന് പിന്നാലെ അവിടങ്ങളിലെ താമസക്കാര്‍ പലായനം ചെയ്തു. ദീര്‍ കിഫ, ചെഹോര്‍, ഐനാറ്റ, ടൈര്‍ ഫില്‍സായ് എന്നീ ഗ്രാമങ്ങളില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് കനത്ത പുക പ്രദേശത്ത് വ്യാപിച്ചു. അല്‍ ടിരിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഹിസ്ബുല്ലയുടെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ പ്രവര്‍ത്തിച്ച ഒരു ഹിസ്ബുല്ല അംഗത്തെ കൊലപ്പെടുത്തി എന്ന് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു.
ചൊവ്വാഴ്ച തെക്കന്‍ ലബനനില്‍ തീരനഗരമായ സൈഡനിലെ പലസ്തീന്‍ അഭയാര്‍ഥിക്യാംപില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. 2024 നവംബറില്‍ ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തലിനുശേഷം ഇസ്രയേല്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. ഒരു വര്‍ഷത്തിനിടെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 270 പേരാണ് കൊല്ലപ്പെട്ടതെന്നു ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
