ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ ടാങ്കുകള്‍

കൂട്ടക്കുരുതിക്കുള്ള കോപ്പുകൂട്ടലോ?

author-image
Rajesh T L
New Update
iseael

israel army

Listen to this article
0.75x 1x 1.5x
00:00 / 00:00

ടെല്‍അവീവ്: ഇനി എന്തും സംഭവിക്കാം... ലക്ഷക്കണക്കിന് മനുഷ്യജീവനും കെട്ടിടങ്ങള്‍ക്കും എന്തിന് ഗാസ മുനമ്പിനെ തന്നെ ഭസ്മമാക്കാന്‍ തയാറെടുക്കുകയാണോ ഇസ്രയേല്‍. ഗാസ അതിര്‍ത്തിയോട് ചേര്‍ന്ന് ഇസ്രയേല്‍ സൈനികരും സൈനിക വാഹനങ്ങളും കൂട്ടമായി ഒരുങ്ങിനില്‍ക്കുന്നതായും പുതിയ താവളം സജ്ജമായതായും റിപ്പോര്‍ട്ട്.

രണ്ട് സൈനിക താവളങ്ങളിലായി 800ലേറെ സൈനിക വാഹനങ്ങളുള്ളതായി അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് 120 വാഹനങ്ങളും നെഗേവ് മരുഭൂമിക്കരികെ 700 വാഹനങ്ങളുമാണുള്ളത്.

ഗാസയിലുടനീളം ഇസ്രയേല്‍ വീടുകള്‍ നശിപ്പിച്ചതോടെ അഭയമില്ലാതായ 14 ലക്ഷത്തിലേറെ പലസ്തീനികളാണ് തമ്പുകളിലും മറ്റുമായി റാഫയില്‍ തിങ്ങിക്കഴിയുന്നത്. ഇവിടെ കരയാക്രമണത്തിന് ഇസ്രയേല്‍ സേനാവിന്യാസം അവസാന ഘട്ടത്തിലാണെന്നാണ് പറയുന്നത്.

റാഫയില്‍ കരയാക്രമണം നടത്തിയാല്‍ മനുഷ്യദുരന്തമാകുമെന്ന് ലോകമൊന്നടങ്കം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവിടെയുള്ള സാധാരണക്കാര്‍ കൂട്ടമായി വംശഹത്യക്കിരയാകുമെന്ന ആശങ്കയാണ് എല്ലാവരെയും മുള്‍മുനയില്‍ നിര്‍ത്തുന്നത്. എന്നാല്‍, പിന്‍വാങ്ങാനില്ലെന്ന പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂട്ടക്കുരുതിക്ക് അവസാനവട്ട ഒരുക്കങ്ങളാണ് അതിവേഗം നടക്കുന്നത് എന്നാണ് ആരോപണം.

ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം ഗാസയ്ക്ക് പുറത്തായി ഒമ്പത് സൈനിക പോസ്റ്റുകള്‍ ഇസ്രയേല്‍ തയാറാക്കിയിട്ടുണ്ട്. മൂന്നെണ്ണം കഴിഞ്ഞ വര്‍ഷാവസാനവും അവശേഷിച്ച ആറെണ്ണം ജനുവരി- മാര്‍ച്ച് മാസങ്ങളിലുമാണ്. ഗാസയില്‍ ഉടനൊന്നും സൈനിക നീക്കം അവസാനിപ്പിക്കല്‍ ഇസ്രയേല്‍ ഉദ്ദേശിക്കുന്നില്ലെന്ന സൂചന നല്‍കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍.

ഇസ്രയേലിന് 2600 കോടി ഡോളറിന്റെ സൈനിക സഹായം യു.എസ് പാസാക്കിയിരുന്നു. രണ്ട് ലക്ഷം കോടി രൂപയിലേറെ വിലവരുന്ന ആയുധങ്ങളും അനുബന്ധ സൗകര്യങ്ങളും പുതുതായി യു.എസ് വക എത്തുന്നത് ഗാസയെ കൂടുതല്‍ ചാരമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഒരുവശത്തുകൂടി ഇസ്രയേലിന് ആയുധം കൈമാറി കൂട്ടക്കൊലക്ക് സര്‍വപിന്തുണയും നല്‍കുന്ന അമേരിക്ക, റാഫ ആക്രമിക്കുന്നതിനെതിരെ സംസാരിക്കുന്നുണ്ട്.

ആക്രമണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 18ന് യു.എസ്- ഇസ്രയേല്‍ ഉദ്യോഗസ്ഥ നേതൃത്വം രഹസ്യചര്‍ച്ച നടത്തിയിരുന്നു. സൈനിക നീക്കത്തിന് യു.എസ് പിന്തുണ പ്രഖ്യാപിച്ചതായി ഇതിന് പിന്നാലെ വാര്‍ത്തകളും പുറത്തുവന്നതാണ്.

സിറിയയില്‍ കോണ്‍സുലേറ്റ് തകര്‍ത്തതിന് മറുപടിയായി ഇസ്രയേലില്‍ ഇറാന്‍ ആക്രമണവും അതിന് പ്രതികാരമായി ഇറാനില്‍ ഇസ്രയേല്‍ ആക്രമണവും നടന്നത് അവസരമാക്കിയാണ് റാഫയില്‍ കുരുതിക്ക് ഇസ്രയേല്‍ ഒരുങ്ങുന്നത്.

അതിനിടെ, ഗാസയില്‍ റാഫയോടുചേര്‍ന്ന് പുതുതായി നിരവധി ടെന്റ് ക്യാമ്പുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടുണ്ട്. ഇത് റാഫ ആക്രമണം മുന്നില്‍ കണ്ടാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, നിലവില്‍ ആശുപത്രിയില്‍ അഭയം പ്രാപിച്ചിരിക്കുന്ന ആളുകളെ പാര്‍പ്പിക്കുന്നതിനാണ് ടെന്റ് ക്യാമ്പ് സ്ഥാപിക്കുന്നതെന്നും റാഫ ആക്രമണവുമായി ബന്ധമില്ലെന്നുമാണ്് ഇസ്രയേല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

israelwarnews gaza war israel live joe biden israel todaynews israel larest israel hamas war benjamin nethanyahu israel iran news updates