/kalakaumudi/media/media_files/2025/08/14/netanyahu-2025-08-14-18-32-54.jpg)
ജറുസലം: പലസ്തീനെ രാഷ്ട്രമായി ബ്രിട്ടന്റെ നേതൃത്വത്തിലുള്ള രാഷ്ട്രങ്ങള്‍ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ അവരെ വെല്ലുവിളിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.പലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്ക് കുടിയേറ്റം തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം.
''നിങ്ങള്‍ ഈ നടപടിയിലൂടെ ഭീകരവാദത്തിന് വലിയൊരു സമ്മാനം നല്‍കുകയാണ്. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറു ഭാഗത്ത് പലസ്തീനെന്ന രാജ്യം ഉണ്ടാകില്ല. ഒരു ഭീകര രാഷ്ട്രം നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാനുള്ള പുതിയ ശ്രമത്തിന് യുഎസില്‍ നിന്നു തിരിച്ചെത്തിയ ശേഷം മറുപടി നല്‍കും''നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങളും യുഎസിന്റെ മുഖ്യസഖ്യകക്ഷികളും പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.
ബ്രിട്ടന്‍, കാനഡ,ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. ഇന്ന് യുഎന്‍ പൊതുസഭ വാര്‍ഷിക സമ്മേളനത്തില്‍ ഫ്രാന്‍സ്, ബല്‍ജിയം, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങളുണ്ടാകും. ഫ്രാന്‍സില്‍ ആഭ്യന്തര മന്ത്രാലയ ഉത്തരവു ലംഘിച്ച് ഇന്നു ടൗണ്‍ ഹാളുകളില്‍ പലസ്തീന്‍ പതാക ഉയര്‍ത്താന്‍ ഒട്ടേറെ മേയര്‍മാര്‍ തീരുമാനിച്ചു.
അതിനിടെ ഗാസയില്‍ ഇതുവരെ 65,283 പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയില്‍ ശേഷിക്കുന്ന പാര്‍പ്പിടസമുച്ചയങ്ങളും ബോംബ് വച്ചു തകര്‍ക്കുന്നതു തുടരുന്ന ഇസ്രയേല്‍ സൈന്യം ഇന്നലെ നടത്തിയ ആക്രമണങ്ങളില്‍ 46 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ അഭയാര്‍ഥിക്യാംപിലെ ബോംബാക്രമണത്തിലാണ് 19 സ്ത്രീകളടക്കം 40 പേര്‍ കൊല്ലപ്പെട്ടതെന്നു ഷിഫ ആശുപത്രി അധികൃതര്‍ അറിയിച്ചു.