/kalakaumudi/media/media_files/2025/01/25/R0TpUQvO8g4kHpHTXSd3.jpg)
israel
ടെല്‍ അവീവ്: ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 70 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിച്ചു. ഗാസ മുനമ്പിലെ റഫ അതിര്‍ത്തി കടന്നുപോകുന്ന ഈജിപ്ഷ്യന്‍ ഭാഗത്താണ് തടവുകാര്‍ എത്തിയിരിക്കുന്നത്. നാല് വനിതാ ഇസ്രയേല്‍ സൈനികരെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെയാണ് 70 പേരെ വിട്ടയയ്ക്കുന്നത്.
ഇസ്രയേല്‍ വിട്ടയയ്‌ക്കേണ്ടിയിരുന്ന 200 പലസ്തീന്‍ തടവുകാരില്‍ പെട്ടവരാണ് 70 പേരും. ഇസ്രയേല്‍ തടങ്കലില്‍ ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച പലസ്തീന്‍ തടവുകാരന്‍ മുഹമ്മദ് അല്‍-ടൂസിനെയും ഇസ്രയേല്‍ മോചിപ്പിച്ചതായി ഈജിപ്തിലെ സര്‍ക്കാരിന്റെ ഔദ്യോഗിക ചാനലായ ഖഹേറ ടിവി റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ 477 ദിവസത്തോളം തടവിലായിരുന്ന നാല് വനിതാ ഇസ്രയേല്‍ സൈനികരെ ഇന്റര്‍നാഷണല്‍ റെഡ് ക്രോസിന് കൈമാറിയിരുന്നു. 2023 ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരായ ആക്രമണത്തിനിടെ ഗാസയ്ക്ക് സമീപമുള്ള ഒരു നിരീക്ഷണ പോസ്റ്റില്‍ നിന്നാണ് വിനത സൈനികരെ ഹമാസ് പിടികൂടിയത്.
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് കീഴിലുള്ള രണ്ടാമത്തെ കൈമാറ്റമായിരുന്നു ഇത്. കൈമാറ്റത്തിന് മുമ്പ് ഗാസ സിറ്റിയിലെ സ്‌ക്വയറില്‍ ഹമാസ് ഒരുക്കിയ വേദിയിലാണ് വനിത സൈനികര്‍ പ്രത്യക്ഷപ്പെട്ടത്. സൈനിക യൂണിഫോമിലായിരുന്നു നാലുപേരും.
ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം ഇസ്രയേലും ഹമാസും തമ്മിലുള്ള രണ്ടാമത്തെ കൈമാറ്റം പ്രതീക്ഷിച്ച് ടെല്‍ അവീവിലും ഗാസ സിറ്റിയിലും ജനക്കൂട്ടം നേരത്തെതന്നെ ഒത്തുകൂടാന്‍ തുടങ്ങിയിരുന്നു.
ഞായറാഴ്ച വെടിനിര്‍ത്തല്‍ ആരംഭിച്ചപ്പോള്‍, 90 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഹമാസ് ബന്ദികളാക്കിയ മൂന്ന് പേരെ വിട്ടയച്ചിരുന്നു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളുടെ ശ്രമഫലമായാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം യാഥാര്‍ഥ്യമായത്.