/kalakaumudi/media/media_files/11sCn0RQ7hmHRFwFdg7R.jpg)
ടെല്‍ അവീവ് : ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയക്കാരുടെ അധികാരം വിപുലീകരിക്കുന്ന നിയമം പാസാക്കി ഇസ്രയേല്‍ പാര്‍ലമെന്റ്. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മുന്നോട്ടുവച്ച ജുഡീഷ്യല്‍ പരിഷ്‌കാരങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി നടന്ന പ്രതിഷേധത്തെ വെല്ലുവിളിച്ചാണ് നിയമം പാസായത്. സുപ്രീം കോടതിയുമായി നെതന്യാഹു സര്‍ക്കാര്‍ തുടരുന്ന തര്‍ക്കത്തിനിടെയാണ് നടപടി.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ വ്യാഴാഴ്ച വൈകുന്നേരം ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നു. നിയമം ഒരു ദുരന്തമാണെന്നും ഇസ്രയേല്‍ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ അടിച്ച ആണിയാണെന്നുമാണ് വിമര്‍ശകരുടെ പക്ഷം. അതിനിടെ നിയമനിര്‍മാണത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. 67 പേര്‍ നിയമത്തെ അനുകൂലിച്ചും ഒരാള്‍ എതിര്‍ത്തും വോട്ട് ചെയ്തു. ആകെ 120 അംഗങ്ങളാണ് ഇസ്രയേല്‍ പാര്‍ലമെന്റിലുള്ളത്. നിയമനിര്‍മാണ, ജുഡീഷ്യല്‍ ശാഖകള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് നീതിന്യായ മന്ത്രി യാരിവ് ലെവിന്‍ പറഞ്ഞു. അടിസ്ഥാന നിയമങ്ങള്‍ പോലും റദ്ദാക്കാനുള്ള അധികാരം സുപ്രീം കോടതി സ്വയം ഏറ്റെടുത്തിരിക്കുന്നുവെന്നും ലോകത്തിലെ ഒരു ജനാധിപത്യത്തിലും കേട്ടുകേള്‍വിയില്ലാത്ത ഒന്നാണിതെന്നും ലെവിന്‍ പറഞ്ഞു.
നിലവില്‍, സുപ്രീം കോടതി ജഡ്ജിമാരെ ജഡ്ജിമാര്‍, നിയമനിര്‍മാതാക്കള്‍, ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന ഒമ്പതംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കുന്നത്. നീതിന്യായ മന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഈ നടപടി. എന്നാല്‍ പുതിയ നിയമപ്രകാരം, കമ്മിറ്റിയില്‍ നിലവിലേത് സമാനമായി 9 അംഗങ്ങള്‍ തന്നെ ഉണ്ടായിരിക്കും. ഇതില്‍ മൂന്ന് സുപ്രീം കോടതി ജഡ്ജിമാര്‍, നീതിന്യായ മന്ത്രിയും മറ്റൊരു മന്ത്രിയും, സര്‍ക്കാര്‍ പ്രതിനിധിയും പ്രതിപക്ഷ പ്രതിനിധിയും രണ്ട് പൊതു പ്രതിനിധികളുമാകും ഉണ്ടാവുക. ഇതില്‍ ഒരാളെ സര്‍ക്കാരും മറ്റൊരാളെ പ്രതിപക്ഷവുമാകും നിയമിക്കുക.