ഗസയിലെ ഹമാസിന്റെ തിരിച്ചടി,തങ്ങളുടെ തിരിച്ചടിയായി കാണുന്ന ഒരു രാജ്യമുണ്ട്,ഇറാന്‍.അപ്പോള്‍ കരുതിക്കൂട്ടി ഇറാനെ പ്രകോപിപ്പിച്ചാലോ! പറഞ്ഞുവരുന്നത് ഇസ്രയേലിന്റെ കാര്യമാണ്.ഇറാന്റെ മുറിവിലേക്ക് ആസിഡ് ഒഴിക്കുന്ന ഒരു പ്രഖ്യാപനം ഇസ്രേയല്‍ നടത്തിയിരിക്കുന്നു.ഇറാനിലെ ടെഹ്റാനില്‍ എത്തിയ ഹമാസ് തലവന്‍ ഹനിയയെ വധിച്ചത് തങ്ങളാണെന്ന ഇസ്രയേലിന്റെ വെളിപ്പെടുത്തലാണത്.
ഹനിയ കൊല്ലപ്പെട്ടിട്ട് 5 മാസം പിന്നിടുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേല്‍ രംഗത്തു വന്നിരിക്കുന്നത്. ഈ വെളിപ്പെടുത്തലിന്റെ പ്രത്യാഘാതമാണ് ഇനി ലോകം കാത്തിരിക്കുന്നത്. ഇസ്രയേലിന് മാത്രമായിരിക്കില്ല അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരിക. ഇസ്രയേലിനും അവരെ സംരക്ഷിക്കുന്ന രാജ്യങ്ങളും കൂടുതല്‍ സൂക്ഷിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.ഏത് നിമിഷവും ലോകത്ത് എവിടെയും, ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ തിരിച്ചടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതു സംബന്ധിച്ച് അമേരിക്കന്‍ ചാര സംഘടന ഉള്‍പ്പെടെ മുന്നറിയിപ്പും നല്‍കി കഴിഞ്ഞിരിക്കുന്നു.
ഹമാസിന്റെയും ലബനന്‍ സായുധ സംഘമായ ഹിസ്ബുല്ലയുടെയും നേതാക്കളെ വധിച്ചതും സിറിയയിലെ ബാഷർ-അല്‍-അസദ് ഭരണകൂടത്തെ താഴെയിറക്കാന്‍ സഹായിച്ചതും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതും ഇസ്രയേലാണെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊല്ലപ്പെട്ട ശേഷം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രയേല്‍ തയ്യാറായിരുന്നില്ല.യെമനിലെ വിമത വിഭാഗമായ ഹൂതികളുടെ നേതൃനിരയ്ക്കെതിരെയും സമാനമായ നടപടി സ്വീകരിക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നല്‍കി.
ടെഹ്‌റാന്‍, ഗാസ, ലബനന്‍ എന്നിവിടങ്ങളില്‍ ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ, ഉന്നത നേതാവ് യഹ്യ സിന്‍വര്‍, ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റല്ല എന്നിവരോട് ചെയ്തതിന് സമാനമായി അല്‍ ഹുദൈദ്, സന എന്നിവിടങ്ങളിലും നടപടി സ്വീകരിക്കുമെന്നും കാറ്റ്സ് വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ 31ന് ഇറാനില്‍ വെച്ചാണ് ബോംബ് സ്ഫോടനത്തില്‍ ഹനിയ കൊല്ലപ്പെട്ടത്.ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്കകമാണ് ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടത്.വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നുവെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനിലെ തന്ത്രപ്രധാന കേന്ദ്രത്തിലായിരുന്നു ഹനിയ താമസിച്ച ഗസ്റ്റ് ഹൗസ്. ഇവിടെ സ്ഫോടനം നടക്കുകയായിരുന്നു.ഹനിയയുടെ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഈ വെളിപ്പെടുത്തലിന്റെ പരിണിത ഫലമാണ് ഇനി അറിയേണ്ടതും.കാരണം ലോക രാജ്യങ്ങളില്‍, അത്രയ്ക്കും ശക്തമായ നെറ്റ് വര്‍ക്ക് ഇറാനുണ്ട്. സ്വന്തം ജീവന്‍ നല്‍കിയും ചാവേര്‍ ആക്രമണം നടത്താന്‍ തയ്യാറുള്ള ഗ്രൂപ്പുകളാണിത്.ഈ ഗ്രൂപ്പുകളെ അമേരിക്കയും ഇസ്രയേലും ഭയപ്പെടുക തന്നെ വേണം.
അതേസമയം ഇസ്രയേല്‍ പ്രകോപനം സൃഷ്ടിക്കുമ്പോള്‍ തന്നെ ഇറാനെ ആക്രമിക്കാന്‍ ഒരു കാരണവശാലും അമേരിക്കയ്‌ക്കോ ഇസ്രയേലിനോ പുതിയ സാഹചര്യത്തില്‍ കഴിയുകയില്ല. ഇറാനെ ആര് ആക്രമിച്ചാലും റഷ്യ ഇടപെടും. അതോടെ അത് ലോക യുദ്ധമായാണ് മാറുക.നിലവിൽ ഇറാന്‍ യുദ്ധ മുഖത്തേക്ക് വന്‍ തോതിലുള്ള ഡ്രോണുകള്‍ ഉള്‍പ്പെടെയാണ് റഷ്യക്ക് നല്‍കിയിരിക്കുന്നത്.അതുകൊണ്ടു തന്നെ ഇറാന് നേരെ എന്ത് ആക്രമണം ഉണ്ടായാലും റഷ്യ ഇടപെടും.റഷ്യ ഇറങ്ങിയാല്‍ അത് ലോകത്തിന്റെ സര്‍വ്വനാശത്തിലാണ് കലാശിക്കുക. അത്തരമൊരു സാഹചര്യം അമേരിക്കയും ആഗ്രഹിക്കാത്തതിനാല്‍ ഇറാന്‍ തിരിച്ചടിച്ചാലും ഇറാനു നേരെ ഒരു പൂര്‍ണ്ണ തോതിലുള്ള യുദ്ധം ഉണ്ടാകാനുള്ള സാധ്യത കുറവാണ്.അപ്പോള്‍ ഈ വെളിപ്പെടുത്തലിലൂടെ ഇസ്രയേല്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാവേണ്ടതുണ്ട്. അത് എന്തായാലും സമാധാനം പുലര്‍ത്തുകയല്ലെന്ന് വ്യക്തമാണ്.