ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീന്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍

ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ ഹുസൈന്‍ അലി ഹാസിമയ്‌ക്കൊപ്പം സഫീദ്ദീന്‍ കൊല്ലപ്പെട്ടുവെന്ന് എക്‌സില്‍ പങ്കിട്ട ഒരു പ്രസ്താവനയിലാണ് ഐഡിഎഫ് വ്യക്തമാക്കിയത്.

author-image
Prana
New Update
hashim hezbollah

ഒക്‌ടോബര്‍ ആദ്യം ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീന്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെട്ടു.  ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ ഹുസൈന്‍ അലി ഹാസിമയ്‌ക്കൊപ്പം സഫീദ്ദീന്‍ കൊല്ലപ്പെട്ടുവെന്ന് എക്‌സില്‍ പങ്കിട്ട ഒരു പ്രസ്താവനയിലാണ് ഐഡിഎഫ് വ്യക്തമാക്കിയത്.
ഹിസ്ബുള്ളയുടെ മുന്‍ സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റുള്ള സെപ്റ്റംബറില്‍ കൊല്ലപ്പെട്ടതിന് ശേഷം, ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തലവന്‍ സഫീദ്ദീനെ ആണ് പിന്‍ഗാമിയായി കണക്കാക്കിയിരുന്നത്. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ള 25 ലധികം അംഗങ്ങള്‍ ആക്രമണം നടത്തുമ്പോള്‍ ആസ്ഥാനത്ത് ഉണ്ടായിരുന്നതായി ഐഡിഎഫ് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തെ തുടര്‍ന്ന് സഫീദ്ദീനെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. സഫീദ്ദീന്റെ മരണം സ്ഥിരീകരിക്കുന്ന ഒരു പ്രസ്താവനയും ഹിസ്ബുള്ള ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹസന്‍ നസ്‌റുള്ളയുടെ ബന്ധുവായിരുന്നു ഹാഷിമെന്നാണ് ഐഡിഎഫ് പറയുന്നത്. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം.
ലെബനീസിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദഹിയേ എന്ന പ്രദേശത്തായിരുന്നു ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. അതേസമയം, സഫീദ്ദീന്‍ കൂടി കൊല്ലപ്പെട്ടതോടെ ഹിസ്ബുള്ളയുടെ ഇനിയുള്ള മുതിര്‍ന്ന നേതാവ് നയീം ക്വാസേമാണ്. നിലവില്‍ സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് ക്വാസേം. നസ്‌റുള്ളയുടെ മരണത്തിന് ശേഷം ക്വാസേമാണ് ഹിസ്ബുള്ളയുടെ മുഖമായി ലബനാനില്‍ നിറഞ്ഞു നില്‍ക്കുന്നത്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 2017 ല്‍ ഹാഷിം സഫീദ്ദീനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുള്ളയുടെ ഏറ്റവും മുതിര്‍ന്ന സൈനിക രാഷ്ട്രീയ ഫോറമായ ഷൂറ കൗണ്‍സിലിലെ അംഗമായിരുന്നു ഹാഷിം സഫീദ്ദീന്‍.

hezbollah israel airstrike israel