യുഎഇയില്‍ ജൂത പണ്ഡിതന്‍ കൊല്ലപ്പെട്ടു; രൂക്ഷമായി പ്രതികരിച്ച് നെതന്യാഹു

ക്രൂരമായ ഭീകര പ്രവര്‍ത്തനമാണെന്നാണ് നെതന്യാഹു സംഭവത്തെ വിശേഷിപ്പിച്ചത്. മരണത്തിന് ഉത്തരവാദികളായ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു

author-image
Rajesh T L
Updated On
New Update
netanyhau

ദുബായ്: യുഎഇയില്‍ കാണാതായ ജൂതപണ്ഡിതന്റെ കൊല്ലപ്പെട്ട നിലയില്‍. വ്യാഴാഴ്ചയാണ് ഇസ്രയേലി-മോള്‍ദോവിയന്‍ പൗരനായ 28കാരന്‍ സ്വി കോഗനെ കാണാതായത്. ഞായറാഴ്ചയാണ് കോഗന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ശക്തമായ പ്രതികരണമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു നടത്തിയത്. 

ക്രൂരമായ ഭീകര പ്രവര്‍ത്തനമാണെന്നാണ് നെതന്യാഹു സംഭവത്തെ വിശേഷിപ്പിച്ചത്. മരണത്തിന് ഉത്തരവാദികളായ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. എന്നാല്‍, സംഭവത്തില്‍ യുഎഇ പ്രതികരിച്ചിട്ടില്ല.

ദുബായില്‍ ജൂതരുടെ ഭക്ഷണം വില്‍ക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു കോഗന്‍. 2020-ല്‍ ഇസ്രയേലും യുഎഇയും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനെ തുടര്‍ന്ന് വ്യാപാരം, ടൂറിസം മേഖലകളില്‍ പ്രവര്‍ക്കുന്നതിനായി നിരവധി പേര്‍ ഇസ്രയേലില്‍ നിന്ന് യുഎഇയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍, ഇസ്രയേല്‍ ഗസയില്‍ നടത്തുന്ന ക്രൂരമായ ആക്രമണവും ലബനന്‍ അധിനിവേശവും എമിറാത്തികളിലും അറബ് പൗരന്മാരിലും യുഎഇയില്‍ താമസിക്കുന്നവരിലും ഇസ്രയേല്‍ പൗരന്മാരോടുള്ള ശത്രുതയ്ക്ക് കാരണമായി. മാത്രമല്ല, ഹമാസിനെയും ഹിസ്ബുള്ളയെയും പിന്തുണയ്ക്കുന്ന ഇറാനും ഇസ്രയേലിനെതിരെ ആക്രമണവുമായി മുന്നോട്ടുപോകുകയാണ്. 

ഞായറാഴ്ച കോഗന്റെ തിരോധാനം യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, കോഗന്റെ ഇസ്രയേലി പൗരത്വം മറച്ചുവച്ച് മോള്‍ദോവിയന്‍ ആണെന്നു മാത്രമാണ് പറഞ്ഞത്. കോഗനെ കാണാനില്ലെന്നാണ് എമിറാത്തി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. 

 

പതിവ് ക്യാബിനറ്റ് യോഗത്തിനു ശേഷം കോഗന്റെ തിരോധാനവും മരണവും വലിയ ഞെട്ടലുണ്ടാക്കി എന്നാണ് നെതന്യാഹു പറഞ്ഞത്. അന്വേഷണത്തില്‍ യുഎഇയുടെ ഭാഗത്തുനിന്നുണ്ടായ സഹകരണത്തിന് നെതന്യാഹു നന്ദി പറഞ്ഞു. യുഎഇയുമായുള്ള ബന്ധം ശക്തമായി മുന്നോട്ടുകൊണ്ടു പോകുമെന്നും നെതന്യാഹു വ്യക്തമാക്കി.

ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് കൊലപാതകത്തെ അപലപിക്കുകയും വേഗത്തില്‍ നടപടി സ്വീകരിച്ചതിന് മിറാത്തി അധികാരികള്‍ക്ക് നന്ദി പറയുകയും ചെയ്തു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഹെര്‍സോഗ് പറഞ്ഞു. യുഎഇയില്‍ ജൂതസമൂഹം വളര്‍ന്നുവരുന്നുണ്ട്. സിനഗോഗുകളും ജൂതവിഭവങ്ങളും സാധനങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളും യുഎഇയില്‍ ഉണ്ട്. 

കോഗന്റെ ഭാര്യ റിവ്കി യുഎസ് പൗരത്വമുള്ളയാളാണ്. യു.എ.ഇയില്‍ കോഗനൊപ്പമാണ് ഭാര്യയും താമസിച്ചിരുന്നത്. 2008ലെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട റാബി ഗാവ്റിയല്‍ ഹോള്‍ട്ട്സ്ബെര്‍ഗിന്റെ മരുമകളാണ് റിവ്കി.

 

uae dubai Benjamin Netanyahu netanyahu israel