/kalakaumudi/media/media_files/2025/03/28/Av0FAC6WUsjdI1xQN6Gj.jpg)
ബെയ്‌റൂട്ട്: ലബനന്‍ നഗരമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ വ്യോമസേനയുടെ ശക്തമായ വ്യോമാക്രമണം. നവംബറില്‍ ഇസ്രയേലും സായുധ സംഘമായ ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനുശേഷം ഇതാദ്യമായാണ് ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രയേല്‍ സേന വന്‍ വ്യോമാക്രമണം നടത്തുന്നത്. ഡ്രോണുകള്‍ സൂക്ഷിക്കുന്ന ഹിസ്ബുല്ല താവളങ്ങള്‍ക്കു നേരെയാണ് ബോംബ് വര്‍ഷിച്ചതെന്ന് ഇസ്രയേല്‍ സേന അറിയിച്ചു.
ലബനനിലെ തെക്കന്‍ പ്രാന്തപ്രദേശമായ ദഹിയേയില്‍ ആക്രമണം നടന്ന സ്ഥലത്തുനിന്നു പുക ഉയരുന്നത് കാണാമായിരുന്നെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലബനന്‍ തലസ്ഥാനത്തിനു ചുറ്റുമുള്ള പര്‍വതങ്ങളില്‍നിന്ന് സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 27നാണ് ഹിസ്ബുല്ലയും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവച്ചത്. ഇതിനുശേഷം നിലനിന്നിരുന്ന വെടിനിര്‍ത്തല്‍ ഇല്ലാതാക്കുന്നതാണ് ഇസ്രയേലിന്റെ ഇപ്പോഴത്തെ വ്യോമാക്രമണം. ബോംബാക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് ഇസ്രയേലി സൈന്യം ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ദാഹിയേയിലെ കെട്ടിടം ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
'നിങ്ങള്‍ ഹിസ്ബുല്ലയുടെ താവളത്തിനു സമീപമാണ്,' ദഹിയയിലെ രണ്ട് സ്‌കൂളുകള്‍ക്ക് സമീപമുള്ള കെട്ടിടങ്ങള്‍ കാണിച്ചുകൊണ്ട് ഇസ്രയേല്‍ വക്താവ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിനു പിന്നാലെ ഡ്രോണ്‍ ആക്രമണവും നടത്തി. ഒരു ട്രക്കും ഹിസ്ബുല്ലയുടെ ഡ്രോണ്‍ സംഭരണ കേന്ദ്രവും ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രയേലി സൈനിക വക്താവ് പറഞ്ഞു. മുന്നറിയിപ്പ് വന്നതോടെ ദാഹിയേ നിവാസികള്‍ പ്രദേശത്തുനിന്നു പലായനം ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങള്‍ ശ്രദ്ധിക്കാത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ആകാശത്തേക്ക് വെടിവയ്ക്കുന്നതും കാണാമായിരുന്നു.
ഇതിനിടെ ലബനനില്‍നിന്ന് വന്ന രണ്ട് റോക്കറ്റുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇസ്രയേലിനു നേരെ റോക്കറ്റ് ആക്രമണം നടക്കുന്നത്. വെള്ളിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വെള്ളിയാഴ്ച ബെയ്റൂട്ടില്‍ ഒഴിഞ്ഞുപോകല്‍ മുന്നറിയിപ്പ് നല്‍കുന്നതിനു മുന്‍പ്തന്നെ തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ സേന ഒട്ടേറെ വ്യോമാക്രമണങ്ങള്‍ നടത്തി. കൂടുതല്‍ ആക്രമണങ്ങള്‍ ഭയന്ന് പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ലബനനില്‍ 13 മാസം ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 3,900ലധികം പേര്‍ കൊല്ലപ്പെടുകയും ഏകദേശം 10 ലക്ഷത്തോളം പേരെ കുടിയിറക്കുകയും ചെയ്തിരുന്നു.