സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചെടുത്തതോടെ ഇസ്രയേല്‍ അമ്പരപ്പിലാണ്.സിറിയയിലുള്ള രാസായുധശേഖരമാണ് ഇസ്രയേലിന്റെ ഉറക്കംകെടുത്തുന്നത്. മാത്രമല്ല, സിറിയയിലെ ആയുധങ്ങള്‍ വിമതരുടെ കൈയില്‍ എത്തിയാല്‍ അതുണ്ടാക്കുന്ന അപകടത്തെയും ഇസ്രയേല്‍ ഭയക്കുന്നുണ്ട്. ഇതോടെയാണ് സിറിയയില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നത്. തിങ്കളാഴ്ച മാത്രം സിറിയയില്‍ ഇസ്രയേല്‍ 250 വ്യോമാക്രമണങ്ങളാണ് നടത്തിയത്.
സിറിയയുടെ സൈനിക ശേഷി നശിപ്പിക്കുകയാണ് ഇസ്രയേല്‍ ആക്രമണത്തിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. സിറിയയിലെ രാസായുധങ്ങള്‍ നിര്‍മിക്കുന്ന ഗവേഷണ കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായി. രാസായുധ ശേഖരം സുരക്ഷിതമാണെന്നു ഉറപ്പുവരുത്തണമെന്ന് യുഎന്‍ കെമിക്കല്‍ വാച്ച് ഡോഗ് സിറിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സിറിയയിലെ രാസായുധ ശേഖരം സംബന്ധിച്ച വ്യക്തമായ വിവരം ലഭ്യമല്ല. എത്ര രാസായുധങ്ങളുണ്ടെന്നോ അത് എവിടെയൊക്കെ സൂക്ഷിച്ചിരിക്കുന്നോ എന്നും വ്യക്തമല്ല.എന്നാല്‍, സിറിയക്ക് രാസായുധ ശേഖരം സൂക്ഷിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. 2014നും 2018നും ഇടയില്‍ കുറഞ്ഞത് 106 തവണയെങ്കിലും സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ രാസായുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.
സിറിയയിലെ സൈനികരഹിത ബഫര്‍ സോണായ ഗോലാന്‍ കുന്നുകളില്‍ ഇസ്രയേല്‍ സൈനികര്‍ കടന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടു.പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം താല്‍ക്കാലികമായി പിടിച്ചെടുത്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. സിറിയയുടെ മിസൈല്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഇസ്രയേല്‍ സൈന്യം നശിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു.
സിറിയയില്‍ കഴിഞ്ഞ ദിവസം ഇസ്രായേലില്‍ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. 250ലധികം ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. ഐസിസ് ഉള്‍പ്പെടെ അവിടെയുള്ള ഭീകര ഗ്രൂപ്പുകള്‍ക്ക് നേരെയാണ് ഇസ്രയേലും യു.എസും ശക്തമായ വ്യോമാക്രമണം നടത്തിയത്. സൈന്യത്തിന്റെ തകര്‍ച്ച മുതലെടുത്ത് രാസായുധങ്ങളും മിസൈലുകളും ഐസിസ് കൈയടക്കുന്നത് തടയാനാണ് ആക്രമണമെന്ന് അമേരിക്ക വ്യക്തമാക്കി.
അതിനിടെ, അടുത്ത ലക്ഷ്യം ഇറാനാണെന്ന് ബാഷറിനെ പുറത്താക്കുന്നതിന് നേതൃത്വം നല്‍കിയ വിമത തലവന്‍ ജുലാനി പ്രഖ്യാപിച്ചു. ഇസ്രയേല്‍, യു.എസ് പിന്തുണയാണ് ജുലാനിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. പിന്നാലെ, ജുലാനി തലവനായുള്ള വിമത സേന തഹ്രിര്‍ അല്‍-ഷാമിനെ ബന്ധപ്പെടാന്‍ യു.എസ് ശ്രമം തുടങ്ങിയതായാണ് വിവരം.എച്ച്.ടി.എസിന്റെ ഭീകര സംഘടനയെന്ന ലേബല്‍ പുനഃപരിശോധിക്കുമെന്ന് ബ്രിട്ടനും വ്യക്തമാക്കി. സിറിയയിലെ ഇറാന്‍ അനുകൂല ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയ അയല്‍രാജ്യമായ ഇസ്രയേല്‍ അതിര്‍ത്തിയിലെ ബഫര്‍ സോണ്‍ പിടിച്ചെടുത്തു. ഡമാസ്‌കസിലടക്കം സിറിയന്‍ ആയുധ കേന്ദ്രങ്ങളിലും മിലിട്ടറി ബേസുകളിലും ബോംബിട്ടു. 75 ഐസിസ് കേന്ദ്രങ്ങളാണ് യു.എസ് വ്യോമാക്രമണങ്ങളില്‍ തകര്‍ത്തത്.
പ്രതിപക്ഷ സഖ്യത്തിന് രാജ്യത്തിന്റെ ഭരണം കൈമാറാന്‍ തയ്യാറാണെന്ന് അസദിന്റെ കാലത്തെ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അല്‍ ജലാലി അറിയിച്ചു.തുര്‍ക്കിയുടെ പിന്തുണയുള്ള വിമതസഖ്യമായ സിറിയന്‍ നാഷണല്‍ ആര്‍മി വടക്കന്‍ സിറിയയില്‍ കുര്‍ദ്സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മന്‍ബിജ് പിടിച്ചെടുത്തു.