/kalakaumudi/media/media_files/2025/08/30/houthi-2025-08-30-12-19-29.jpg)
ജറുസലം: യെമനിലെ ഹൂതികളുടെ പ്രതിരോധമന്ത്രി അടക്കം ഉന്നതരെ ഇസ്രയേല്‍ വധിച്ചെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച യെമന്‍ തലസ്ഥാനമായ സനായില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ഹൂതികളുടെ പ്രതിരോധമന്ത്രി അസദ് അല്‍ ഷര്‍ഖാബി, ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി എന്നിവരടക്കം ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടത്. ഇക്കാര്യം ഹൂതികള്‍ സ്ഥിരീകരിച്ചിട്ടില്ല.
മുതിര്‍ന്ന ഹൂതി നേതാക്കള്‍ യോഗം ചേര്‍ന്ന സനായിലെ കെട്ടിടസമുച്ചയത്തില്‍ ബോംബിട്ടെന്നാണ് ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഹൂതികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ചില യെമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഇസ്രയേല്‍ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തു. റഹാവിക്കൊപ്പം നിരവധി നേതാക്കളും കൊല്ലപ്പെട്ടതായി സൂചനയുണ്ട്. റഹാവി താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റിലാണ് ആക്രമണം നടന്നതെന്നാണ് യെമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഇസ്രയേല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വ്യാഴാഴ്ച നടന്ന വ്യോമാക്രമണത്തില്‍ ഹൂതികളുടെ മന്ത്രിസഭയിലെ പ്രധാനമന്ത്രിയും മറ്റു 12 മന്ത്രിമാരും ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരും കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വിലയിരുത്തുന്നതെന്ന് ചില ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സനാ ഉള്‍പ്പെടെയുള്ള വടക്കന്‍ മേഖലയുടെ ഭരണം ഹൂതികള്‍ക്കാണ്. അന്താരാഷ്ട്ര പിന്തുണയോടെ തെക്കന്‍ പ്രദേശം ഭരിക്കുന്നത് പ്രസിഡന്റ് റഷാദ് അല്‍ അലിമിയാണ്. ഹമാസും ഹിസ്ബുല്ലയും ഇറാനുമാണ് ഹൂതികളെ പിന്തുണയ്ക്കുന്നത്.