ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേൽ

ഭയന്നതു തന്നെ സംഭവിക്കുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ ആക്രമണം. ഇറാനിലെ രഹസ്യ ആണവായുധ പരീക്ഷണ കേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചു തകര്‍ത്തതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

author-image
Rajesh T L
New Update
war

ഭയന്നതു തന്നെ സംഭവിക്കുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ ആക്രമണം. ഇറാനിലെ രഹസ്യ ആണവായുധ പരീക്ഷണ കേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചു തകര്‍ത്തതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പര്‍ച്ചിനിലാണ് അതീവ രഹസ്യ ആണവായുധ പരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെന്നാണ് വിവരം. 

ഒക്ടോബര്‍ 26 ന് നടത്തിയ ആക്രമണത്തിലാണ് ആണവ കേന്ദ്രം തകര്‍ന്നതെന്നാണ് ആക്‌സിയോസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മണിക്കൂറുകള്‍ നീണ്ട സൈനിക നീക്കത്തിനൊടുവിലാണ് ആണവ പരീക്ഷണ കേന്ദ്രം തകര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

യുഎസ്, ഇസ്രയേലി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ശേഖരിച്ച ശേഷമാണ് ആക്‌സിയോസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നിന്ന് 20 കിലോമീറ്റര്‍ തെക്കുകിഴക്കുള്ള പാര്‍ച്ചിനിലെ സൈനിക കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ആണവ കേന്ദ്രത്തിനു നേരെയാണ് ആക്രമണം നടത്തിയത്. 

ആക്രമണത്തില്‍ ആണവ കേന്ദ്രത്തിന് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം ഇറാന്റെ ആണവ പരീക്ഷണ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ആക്‌സിയോസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

2003 ന് തുടക്കമിട്ട അമാദ് ആണവായുധ പദ്ധതിയുടെ ഭാഗമാണ് ഈ ആണവ പരീക്ഷണ കേന്ദ്രം എന്നാണ് ആരോപണം.പിന്നീട് ഈ കേന്ദ്രം ന്യൂക്ലിയര്‍ ഡിവൈസ് വിക്ഷേപിക്കാന്‍ വേണ്ട സ്‌ഫോടക വസ്തുക്കളുടെ പരീക്ഷണത്തിനായി ഉപയോഗിച്ചു എന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റിയെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ന്യൂക്ലിയര്‍ ഡിവൈസിന് ആവശ്യമായ ഉപകരണം ആക്രമണത്തില്‍ തകര്‍ന്നതായി മുന്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ആക്‌സിയോസ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ആണവായുധ പരീക്ഷണം പുനരാരംഭിക്കാന്‍ ഈ ഉപകരണം സ്ഥാപിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

അതിനിടെ, ഇസ്രയേല്‍, ഇറാനിലും ലെബനനിലും നടത്തുന്ന ആക്രമണങ്ങള്‍ക്കെല്ലാം മറുപടിയായി, കനത്ത ആക്രമണമാണ് തുടര്‍ച്ചയായി ഹിസ്ബുള്ള നടത്തുന്നത്. ബെയ്‌റൂത്തില്‍ നടത്തിയ ബോംബാക്രമണത്തിന് തിരിച്ചടിയും നല്‍കിയിരിക്കുന്നു ഹിസ്ബുള്ള. വടക്കന്‍ ഇസ്രയേലിലെ ഐഡിഎഫ് സൈനികര്‍ക്ക് നേരെയും മിസ്ഗാവ് ആം, ഇഫ്താഹ് ബാരക്ക്‌സ് എന്നിവിടങ്ങളിലേക്കുമാണ് ഹിസ്ബുള്ള റോക്കറ്റുകള്‍ പായിച്ചത്. ആക്രമണം കനത്ത നാശം വിതച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ലെബനനിലെ ഐഡിഎഫ് സൈനികര്‍ക്ക് നേരെയും ഹിസ്ബുള്ള ശക്തമായി തിരിച്ചടിക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ബെയ്‌റൂത്തിലേക്ക് ആക്രമണം നടത്തിയതാണ് ഹിസ്ബുള്ളയെ ചൊടിപ്പിച്ചത് എന്നാണ് വിവരം. ബെയ്‌റൂത്ത് ആക്രമണങ്ങള്‍ക്കു പിന്നാലെ ഇസ്രയേല്‍ സേനയ്ക്ക് നേരെ അതിശക്തമായ തിരിച്ചടിയാണ് ഹിസ്ബുള്ള നടത്തിയത്. 

നവംബര്‍ 5 ന് വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഹിസ്ബുള്ള അവകാശപ്പെട്ടു. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

nuclear attack iran israel conflict