ഹമാസിനെ ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: ഇസ്രയേല്‍

പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കറെ തയിബയുമായുള്ള ഹമാസിന്റെ വര്‍ധിച്ചുവരുന്ന ബന്ധങ്ങള്‍ ഇന്ത്യക്കും ഇസ്രയേലിനും ഒരുപോലെ സുരക്ഷാ ഭീഷണിയാണെന്ന് ഇസ്രയേല്‍ ചൂണ്ടിക്കാട്ടി

author-image
Biju
New Update
hamas

ജറുസലേം:ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ച് ഇസ്രയേല്‍. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കറെ തയിബയുമായുള്ള ഹമാസിന്റെ വര്‍ധിച്ചുവരുന്ന ബന്ധങ്ങള്‍ ഇന്ത്യക്കും ഇസ്രയേലിനും ഒരുപോലെ സുരക്ഷാ ഭീഷണിയാണെന്ന് ഇസ്രയേല്‍ ചൂണ്ടിക്കാട്ടി.

''ഹമാസിനെ പോലുള്ള സംഘടനകളെ ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിക്കാന്‍ ഇന്ത്യ തയാറാകണം എന്നാണ് ഞങ്ങളുടെ അഭ്യര്‍ഥന. ഇസ്രയേല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഷ്‌കറെ തയിബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. അതിന് ഒരു പ്രതികരണം ഇന്ത്യയില്‍ നിന്നു കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു'' ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു''. 

2023 ലാണ് ഇസ്രയേല്‍ ലഷ്‌കറെ തയിബയെ ഭീകര ഗ്രൂപ്പായി പ്രഖ്യാപിച്ചത്. ഇസ്രയേല്‍ സൈന്യവും നേരത്തെ ഇക്കാര്യം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങള്‍ക്കും പൊതു ശത്രുവാണ് ഉള്ളതെന്നും വ്യക്തമാക്കിയിരുന്നു. ഗാസയില്‍ വീണ്ടും പ്രവര്‍ത്തനം ശക്തമാക്കാന്‍ ഹമാസ് ഒരുങ്ങുന്നതായാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.

ഒക്ടോബര്‍ 10ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. വെസ്റ്റ് ബാങ്കില്‍ ഇന്നലെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 2പേര്‍ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്‍കയ്യെടുത്തു നടപ്പാക്കിയ ഗാസ വെടിനിര്‍ത്തല്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിനു സമയമായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഈ മാസം അവസാനം ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍, ഗാസയിലെ ഹമാസ് ഭരണം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയുടെ ഭരണച്ചുമതല രാജ്യാന്തര 'സമാധാന സമിതി' ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് രണ്ടാംഘട്ടത്തില്‍ ഉള്ളത്.