The Israeli war cabinet and top security officials meet in Tel Aviv on April 14, hours after Iran's missile and drone attack on Israel.
ടെൽ അവീവ്: ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണങ്ങളിൽ തിരിച്ചടിക്കാൻ തയ്യാറെടുത്ത് ഇസ്രയേൽ.ഉറപ്പായും തിരിച്ചടിയ്ക്കുമെന്ന് ഇസ്രയേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി വ്യക്തമാക്കി. ഇറാന്റെ ആക്രമണം ബാധിച്ച തെക്കൻ ഇസ്രയേലിലെ നെവാതിം വ്യോമസേന താവളം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പ്രത്യാക്രമണം ഏത് രീതിയിലാണെന്നത് സംബന്ധിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല.
ഇറാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൈനിക പ്രതിരോധ ശക്തി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേൽ യുദ്ധ മന്ത്രിസഭ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നാല് തവണയാണ് യോഗം ചേർന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്, മുൻ പ്രതിരോധ മന്ത്രിയും നെതന്യാഹുവിന്റെ എതിരാളിയുമായ ബെന്നി ഗാന്റ്‌സ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
മണിക്കൂറുകൾ നീണ്ടുനിന്ന യോഗത്തിൽ നിരവധി കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതെസമയം ഇറാനെതിരെയുള്ള പ്രത്യാക്രമണത്തിൽ അമേരിക്കയെ ഏകോപിപ്പിക്കണമെന്ന് ഇസ്രയേലിന് താൽപര്യമുണ്ടെങ്കിലും യുദ്ധത്തിന്റെ ഭാഗമാകില്ലെന്ന് അമേരിക്ക ആവർത്തിക്കുന്നതായി ഇസ്രയേൽ ചാനലായ എൻ 12 റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ ദുഷ്‌കരമായ അയൽപ്പക്കത്താണ് ജീവിക്കുന്നതെന്ന് തങ്ങൾക്ക് അറിയാമെന്നും യുദ്ധമന്ത്രിസഭയുടെ തീരുമാനങ്ങളെ തങ്ങൾ ബഹുമാനിക്കുമെന്നും കഴിഞ്ഞ ദിവസം സിഎൻഎന്നിനോട് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി വ്യക്തമാക്കിയിരുന്നു. ഇറാനുമായി യുദ്ധത്തിലേർപ്പെടേണ്ടെന്ന് ബൈഡൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ സംഘർഷം വലുതാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ സംയനം പാലിക്കാൻ തങ്ങൾ തയ്യാറാണെന്നും വിഷയം കൂടുതൽ വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാൻ കഴിഞ്ഞ ദിവസം തന്റെ ചൈനീസ് വിദേശകാര്യ മന്ത്രിയോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
സിറിയയിലെ തങ്ങളുടെ കോൺസുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായാണ് ഇസ്രയേലിൽ ഡ്രോൺ, മിസൈൽ ആക്രമണം ഇറാൻ നടത്തിയത്. ഇസ്രയേൽ നടത്തുന്ന കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയാണ് ആക്രമണമെന്നായിരുന്നു ഇറാന്റെ നിലപാട്. കോൺസുലേറ്റിലുണ്ടായ ആക്രമണം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇറാൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഏഴ് നയതന്ത്ര ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ നിരസിക്കാനോ ഇസ്രയേൽ തയ്യാറായിട്ടില്ല.
നിലവിൽ ഇറാന്റെ 99 ശതമാനം ഡ്രോണുകളും ബാലിസ്റ്റിക് ക്രൂയിസ് മിസൈലുകളും വെടിവെച്ചിട്ടതായാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. 300 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഇറാന്റെ നടപടിയെ പ്രതിരോധിക്കണമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇസ്രയേലിന്റേത് പരിമിതമായ തിരിച്ചടിയായിരിക്കുമെന്നും ഇറാന്റെ മേഖലകളെ ബാധിക്കില്ലെന്നുമുള്ള പ്രതീക്ഷയിലാണ് ബൈഡന്റെ ഭരണകൂടം.