/kalakaumudi/media/media_files/2025/09/13/islamic-2025-09-13-10-54-29.jpg)
ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഖത്തർ വിളിച്ചുചേർത്ത അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിക്ക് നാളെ തുടക്കമാകും. ഞായർ, തിങ്കൾ ദിവസങ്ങളിലായി രണ്ട് ദിന ഉച്ചകോടിയാണ് നടക്കുക.സെപ്റ്റംബർ 9നുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഒരു ഖത്തരി സുരക്ഷാ ഉദ്യോഗസ്ഥനും ഹമാസ് അംഗങ്ങളും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഇസ്രയേലിനെതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാനായി അറബ്-ഇസ്‍ലാമിക് ഉച്ചകോടി ദോഹയിൽ ചേരുമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി നേരെത്തെ അറിയിച്ചിരുന്നു. ഇസ്രയേൽ ആക്രമണത്തിനെതിരെ മേഖലയിൽ നിന്ന് ഒന്നിച്ചുള്ള പ്രതികരണം ഉണ്ടാകുമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നതെന്ന് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ ഖത്തർ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
നിലവിലെ സാഹചര്യങ്ങളിൽ മേഖലയിലെ പ്രതികരണങ്ങളും തുടർനടപടികളും ഉച്ചകോടിയിൽ ചർച്ചയായേക്കും. ഉച്ചകോടിയോടനുബന്ധിച്ച് ഖത്തറിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് സെപ്റ്റംബർ 13 ശനിയാഴ്ച മുതൽ സെപ്റ്റംബർ 15 തിങ്കളാഴ്ച വരെ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും ഖത്തർ ഗതാഗത മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
