ദമാസ്‌ക്കസ് : സിറിയ വിമതര്‍ പിടിച്ചെടുത്തതിനു പിന്നാലെ ഇസ്രയേലിന്റെ ആക്രമണം.ഇസ്രയേല്‍ അധിനിവേശം ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങാതെ സൂക്ഷിക്കുന്നയാളാണ് വിമതരുടെ നേതാവ് അബു മുഹമ്മദ് അല്‍ ജുലാനി. റഷ്യയുടെ പിന്തുണയുള്ള അസദ് സര്‍ക്കാരിനെ വിമതര്‍ അട്ടിമറിച്ചത് ഇസ്രയേലിനെ അമ്പരപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.ഹിസ്ബുള്ള,ഹൂതികള്‍, ഹമാസ് എന്നീ സായുധ ഗ്രൂപ്പുകളെ പോലെ സിറിയയിലെ വിമതരും ഇസ്രയേലിന് ഭീഷണിയാവും എന്നുറപ്പാണ്.അതുകൊണ്ടാണ് അസദ് സര്‍ക്കാര്‍ വീണതിനു പിന്നാലെ ഇസ്രയേല്‍ സിറിയയില്‍ ആക്രമണം നടത്തിയത്.
സിറിയയിലെ പര്‍വതമേഖലായ ഗോലാന്‍ കുന്നുകളുടെ നിയന്ത്രണം ഇസ്രായേല്‍ ഏറ്റെടുത്തിരുന്നു. 1974-ല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ ഗോലാന്‍ കുന്നുകള്‍ സിറിയയുടെ നിയന്ത്രണത്തിലായിരുന്നു. ഈ മലയോര പ്രദേശങ്ങള്‍ ഇപ്പോള്‍ ഇസ്രായേലിന്റെ നിയന്ത്രണത്തിലായി. ഇസ്രയേലിന്റെ തന്ത്രപരമായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ നേതൃത്വത്തിലാണ് വിമത സംഘം സിറിയയുടെ ഭരണം അട്ടിമറിച്ചത്. അല്‍ ഖ്വയ്ദയിലെ യുവ പോരാളിയായിരുന്ന സൈനിക കമാന്‍ഡര്‍ അബു മുഹമ്മദ് അല്‍ ജുലാനിയാണ് എച്ച്ടിഎസ് രൂപീകരിച്ചത്.സിറിയയിലെ ആയുധശേഖരം വിമതരുടെ കൈയില്‍ എത്തുന്നത് തടയാനാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. സിറിയയിലെ ആയുധസംഭരണ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
സുവൈദയിലെ ഖല്‍ഖലാഹ വ്യോമ താവളത്തിലെ ആയുധശേഖരങ്ങള്‍, ദാരാ ഗവര്‍ണറേറ്റിലെ സൈനികകേന്ദ്രങ്ങള്‍, ഡമാസ്‌കസിലെ മെസ്സെ വ്യോമതാവളം എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്.ഞായറാഴ്ച ഉച്ചകഴിഞ്ഞ് മെസ്സെ വ്യോമതാവളത്തിലും ഡമാസ്‌കസിലെ സയന്റിഫിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ശാഖയിലും ഇന്റലിജന്‍സ്, കസ്റ്റംസ് ആസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന തലസ്ഥാനത്തെ സെന്‍ട്രല്‍ സ്‌ക്വയറിലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അസദ് ഭരണകൂടത്തിന്റെ പതനത്തെ തുടര്‍ന്ന് സിറിയയിലെ ആയുധശേഖരങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഹിസ്ബുല്ലയ്‌ക്കോ ഇസ്രയേലിനോ ഭീഷണിയാകുന്ന മറ്റേതെങ്കിലും ഘടകങ്ങള്‍ക്കോ അവ ലഭിക്കുന്നത് തടയാന്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു.