/kalakaumudi/media/media_files/2025/11/01/major-2025-11-01-14-12-29.jpg)
ജറുസലേം: ഗാസ യുദ്ധത്തിനിടെ അറസ്റ്റിലായ ഒരു പലസ്തീന്‍ തടവുകാരനെ ഇസ്രയേല്‍ സൈനികര്‍ പീഡിപ്പിക്കുന്ന ഒരു വീഡിയോ ചോര്‍ന്നതിനെക്കുറിച്ചുള്ള ക്രിമിനല്‍ അന്വേഷണത്തെ തുടര്‍ന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ മുഖ്യ നിയമോപദേഷ്ടാവ് രാജിവച്ചു.
2024 ഓഗസ്റ്റില്‍ വീഡിയോ ചോര്‍ത്താന്‍ താന്‍ അനുമതി നല്‍കിയതിനാലാണ് സ്ഥാനമൊഴിയുന്നതെന്ന് അഡ്വക്കേറ്റ് ജനറല്‍ മേജര്‍ ജനറല്‍ യിഫാത് ടോമര്‍-യെരുശാല്‍മി പറഞ്ഞു.
പീഡനത്തെക്കുറിച്ച് അന്വേഷിച്ച കമ്മിറ്റി അഞ്ച് സൈനികര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി. കേസില്‍ ചോദ്യം ചെയ്യലിനായി കമ്മിറ്റി അംഗങ്ങള്‍ സൈനികരെ കാണാനെത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ രണ്ട് സൈനിക താവളങ്ങളിലേക്ക് അതിക്രമിച്ചു കയറി.
സൈനിക താവളങ്ങളിലെ അതിക്രമത്തിന് ഒരാഴ്ചയ്ക്ക് ശേഷം, പീഡനത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്ന സുരക്ഷാ ക്യാമറ വീഡിയോ ഇസ്രായേലിലെ എന്‍12 ന്യൂസിന് ചോര്‍ന്നു കിട്ടിയതായിരുന്നു കോലാഹലങ്ങളുടെ തുടക്കം. സൈനികര്‍ ഒരു തടവുകാരനെ മാറ്റിനിര്‍ത്തി, ഒരു നായയെ പിടിച്ചുകൊണ്ട് ചുറ്റും കൂടുന്നതെല്ലാം ദൃശ്യങ്ങളില്‍ കാണാം. വീഡിയോ ചോര്‍ച്ചയെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ടോമര്‍ യെരുശാല്‍മി നിര്‍ബന്ധിത അവധിയിലാണെന്നും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ബുധനാഴ്ച പറഞ്ഞു.
നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാന്‍ ചുമതലപ്പെട്ട സൈന്യത്തിന്റെ നിയമ വിഭാഗത്തിനെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമമായാണ് ടോമര്‍ യെരുശാല്‍മി തന്റെ നടപടികളെ ന്യായീകരിച്ചത്. യുദ്ധത്തിലുടനീളം ഈ വിഭാഗം അപവാദ പ്രചരണങ്ങള്‍ക്ക് വിധേയമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
യുദ്ധത്തിന് കാരണമായ 2023 ഒക്ടോബര്‍ 7-ലെ ആക്രമണത്തില്‍ പങ്കെടുത്ത ചില ഹമാസ് തീവ്രവാദികളെയും, തുടര്‍ന്നുള്ള മാസങ്ങളില്‍ ഗാസയിലെ പോരാട്ടത്തിനിടെ പിടികൂടിയ പലസ്തീനികളെയും പാര്‍പ്പിച്ചിരിക്കുന്ന സദെ തെയ്മാന്‍ തടങ്കല്‍പ്പാളയത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.
യുദ്ധകാലത്ത് ഇസ്രായേലി തടങ്കലില്‍ പലസ്തീനികള്‍ക്ക് നേരെ ഗുരുതരമായ പീഡനങ്ങള്‍ നടന്നതായി മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം ഡസന്‍ കണക്കിന് കേസുകള്‍ അന്വേഷിക്കുന്നുണ്ടെങ്കിലും പീഡനം ആസൂത്രിതമല്ലെന്നാണ് പറയുന്നത്.
സദെ തെയ്മാനിലെ തടവുകാരെ 'ഏറ്റവും നീചരായ ഭീകരവാദികള്‍' എന്ന് തന്റെ രാജിക്കത്തില്‍ ടോമര്‍ യെരുശാല്‍മി വിശേഷിപ്പിച്ചെങ്കിലും, സംശയാസ്പദമായ പീഡനങ്ങള്‍ അന്വേഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് ഇത് ഒഴിവാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
'ഏറ്റവും നീചനായ തടവുകാരനെ പോലും വിധേയനാക്കാന്‍ പാടില്ലാത്ത ചില പ്രവൃത്തികളുണ്ട് എന്ന അടിസ്ഥാനപരമായ ധാരണ എല്ലാവര്‍ക്കും ബോധ്യപ്പെടുന്നില്ല എന്നത് എന്റെ ഖേദമാണ്,' അവര്‍ .കൂട്ടിച്ചേര്‍ത്തു.
ടോമര്‍ യെരുശാല്‍മിയുടെ രാജി ചില രാഷ്ട്രീയ കക്ഷികള്‍ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച പ്രതിരോധ മന്ത്രി 'ഇസ്രയേല്‍ സൈനികര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആര്‍ക്കും ഐഡിഎഫ് യൂണിഫോം ധരിക്കാന്‍ യോഗ്യതയില്ല' എന്ന് പറഞ്ഞു.
പൊലീസ് മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ടോമര്‍ യെരുശാല്‍മിയുടെ രാജിയെ സ്വാഗതം ചെയ്യുകയും കൂടുതല്‍ പേര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.ഇസ്രായേലി ജയിലില്‍ ബന്ധനസ്ഥരായി നിലത്ത് കിടക്കുന്ന പലസ്തീന്‍ തടവുകാര്‍ക്ക് മുകളില്‍ നില്‍ക്കുന്ന ഒരു വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു. ഇവര്‍ ഒക്ടോബര്‍ 7ലെ ആക്രമണകാരികളാണെന്നും വധശിക്ഷ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
