/kalakaumudi/media/media_files/2026/02/16/west-bank-3-2026-02-16-22-24-24.jpg)
ടെല്‍ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ വലിയൊരു വിഭാഗം ഭൂമി സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിക്കാനും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാനുമുള്ള വിവാദ നീക്കവുമായി ഇസ്രായേല്‍ മുന്നോട്ട്. 1967-ല്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു നിയമപരമായ സംവിധാനം ഇസ്രായേല്‍ നടപ്പിലാക്കുന്നത്. ഇസ്രായേലിന്റെ ഈ നടപടി വെസ്റ്റ് ബാങ്കിനെ ഔദ്യോഗികമായി രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുന്നതിനുള്ള നീക്കമാണെന്ന് പലസ്തീന്‍ ഭരണകൂടം കുറ്റപ്പെടുത്തി.
ഭൂമി ഇടപാടുകളില്‍ സുതാര്യതയും വ്യക്തതയും കൊണ്ടുവരാനുള്ള ഒരു ''ഭരണപരമായ നടപടി'' മാത്രമാണിതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുമ്പോഴും, വെസ്റ്റ് ബാങ്കിന് മേല്‍ ഇസ്രായേലിന്റെ ആധിപത്യം ഉറപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തീവ്ര വലതുപക്ഷ മന്ത്രിമാര്‍ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭൂമി രജിസ്ട്രേഷന്‍ പ്രക്രിയയിലൂടെ തങ്ങളുടെ മണ്ണില്‍ ഒരു ''കുടിയേറ്റ വിപ്ലവം'' തന്നെ സൃഷ്ടിക്കുമെന്നാണ് ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് പ്രഖ്യാപിച്ചത്. ഇസ്രായേല്‍ തങ്ങളുടെ മണ്ണില്‍ ഉറച്ചുനില്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഈ തീരുമാനം അതിന്റെ പ്രതിഫലനമാണെന്നും നീതിന്യായ മന്ത്രി യാരിവ് ലെവിനും കൂട്ടിച്ചേര്‍ത്തു.
പലസ്തീന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിയമവിരുദ്ധമായി നടക്കുന്ന ഭൂമി കൈമാറ്റങ്ങള്‍ തടയാന്‍ ഇത്തരമൊരു നീക്കം അത്യാവശ്യമാണെന്നാണ് ഇസ്രായേല്‍ മന്ത്രിസഭയുടെ നിലപാട്. എന്നാല്‍, അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഈ ഏകപക്ഷീയമായ നടപടി മേഖലയില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായേക്കാം. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഓഫീസ് ഈ നീക്കത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമെന്നും അപകടകരമായ പ്രകോപനമെന്നും വിശേഷിപ്പിച്ചു. ജോര്‍ദാന്‍, ഖത്തര്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളും ഇസ്രായേലിന്റെ നടപടിയെ ശക്തമായി അപലപിച്ചിട്ടുണ്ട്.
പുതിയ നിയമപ്രകാരം, വെസ്റ്റ് ബാങ്കിലെ നിശ്ചിത പ്രദേശങ്ങളിലുള്ള ഭൂവുടമകള്‍ തങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടി വരും. എന്നാല്‍ ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം പതിറ്റാണ്ടുകള്‍ പഴക്കമുള്ള രേഖകള്‍ ഹാജരാക്കുക എന്നത് അതീവ ദുഷ്‌കരമാണ്. ഇത് മറയാക്കി വലിയ തോതില്‍ ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കാനും അവിടെ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപകമായി നിര്‍മ്മിക്കാനുമാണ് ഇസ്രായേല്‍ പദ്ധതിയെന്ന് മനുഷ്യാവകാശ സംഘടനകളും കുറ്റപ്പെടുത്തുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
