90ഓളം വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി വെളിപ്പെടുത്തി വാട്സ് ആപിന്റെ മാതൃകമ്പനിയായ മെറ്റ. ഇസ്രയേലി സ്പൈവെയര്‍ കമ്പനിയായ പാരഗണ്‍ സൊലൂഷന്‍സാണ് ഹാക്കിങ് നടത്തിയതെന്നാണ് മെറ്റ പറയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനെതിരെ മെറ്റ പാരഗണിന് കത്തയച്ചതായും റിപ്പോര്‍ട്ട്.അതേസമയം, ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ള, ആരുടെയൊക്കെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നതെന്ന് വാട്സാപ്പ് ഇതുവരെ വെളിപ്പെടുത്തിയില്ല. ആരുടെ ആവശ്യപ്രകാരമാണ് ഹാക്കിങ്ങെന്നും വ്യക്തമാക്കിയിട്ടില്ല. പാരഗണാണ് ഉത്തരവാദിയെന്ന് എങ്ങനെ സ്ഥിരീകരിച്ചു എന്ന ചോദ്യത്തിനും അധികൃതര്‍ പ്രതികരിച്ചില്ല. ഇതിന്റെ വിശദാംശങ്ങള്‍ ചാരപ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരുന്ന കാനഡ കേന്ദ്രീകരിച്ചുള്ള കൂട്ടായ്മയായ സിറ്റിസണ്‍ ലാബിന് കൈമാറിയതായി വാട്സാപ്പ് അധികൃതര്‍ അറിയിച്ചു. നിയമപാലകരെയും വ്യവസായ പങ്കാളികളെയും അറിയിച്ചിട്ടുണ്ടെന്നും വിശദാംശങ്ങളിലേക്ക് കടക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ പാരഗണ്‍ സൊലൂഷന്‍സും ഇതുവരെ പ്രതികരിച്ചിട്ടില്ല.