പ്രതീകാത്മക ചിത്രം
ജെറുസലേം: ഇസ്രയേൽ - ഹമാസ് യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിൽ 42,000ത്തോളം സ്ത്രീകൾ തോക്ക് ഉപയോഗിക്കാനുള്ള അനുമതിക്ക് വേണ്ടി അപേക്ഷിച്ചതായി റിപ്പോർട്ട്. യുദ്ധം നടക്കുന്നതിനാൽ സ്വയരക്ഷയ്ക്ക് വേണ്ടി തോക്ക് ഉപയോഗിക്കാനുള്ള അപേക്ഷ നൽകി സ്ത്രീകൾ കാത്തിരിക്കുന്നതായാണ് റിപ്പോർട്ട്.
42,000 സ്ത്രീകളാണ് ഇസ്രയേൽ - ഹമാസ് യുദ്ധം ആരംഭിച്ച്, ഒക്ടോബർ ഏഴ് മുതൽ ഇതുവരെ തോക്ക് ഉപയോഗിക്കാനുള്ള അനുമതിക്കായി അപേക്ഷിച്ചത്. ഇതിൽ 18,000 പേർക്ക് അനുമതി നൽകിയതായി സുരക്ഷാ മന്ത്രാലയത്തിന്റെ കണക്ക് ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. മുൻപുണ്ടായിരുന്ന യുദ്ധ സമയത്തും സമാനരീതിയിൽ സ്വയരക്ഷയ്ക്കായി തോക്കു ഉപയോഗിക്കാൻ വേണ്ടിയുള്ള അനുമതിക്കായി സ്ത്രീകൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത്തവണത്തെ കണക്കിൽ അതിന്റെ മൂന്നിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ തോക്ക് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങൾ ഇസ്രയേൽ സർക്കാരും സുരക്ഷാ മന്ത്രാലയവും ഇളവുവരുത്തിയിരുന്നു. വെസ്റ്റ് ബാങ്കിലുള്ള സ്ത്രീകളിൽ 15000 പേരുടെ കൈവശം തോക്കുകളുണ്ട്. ഇതിൽ പതിനായിരം പേരും നിർബന്ധിത പരിശീലനം ലഭിച്ചവരാണെന്ന് സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി.