/kalakaumudi/media/media_files/2025/09/16/qatar-2025-09-16-15-10-51.jpg)
ദോഹ: ഗാസയിൽ ഹമാസ് നേതാക്കളെ ഇസ്രയേൽ ആക്രമിച്ച സാഹചര്യത്തിൽ ഒറ്റക്കെട്ടായ ഒരു നിലപാട് രൂപപ്പെടുത്തുന്നതിനായി അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഖത്തർ തിങ്കളാഴ്ച ആതിഥേയത്വം വഹിച്ചു.
ഗാസയിൽ തുടരുന്ന ആക്രമണത്തിലൂടെ ഉന്മൂലനമാണ് ഇസ്രയേൽ ലക്ഷ്യം വെക്കുന്നതെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പറഞ്ഞു. ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദോഹയിൽ നടക്കുന്ന അടിയന്തര അറബ് -ഇസ് ലാമിക് ഉച്ചകോടിയെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.
ഗാസയെ വാസയോഗ്യമല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് ഖത്തർ അമീർ വ്യക്തമാക്കി.തടവിലാക്കപ്പെട്ട ബന്ദികളെ കുറിച്ച് ഇസ്രയേലിന് ശ്രദ്ധയില്ലെന്നും ഗാസ വാസയോഗ്യമല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഖത്തർ അമീർ ആരോപിച്ചു. ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് ചർച്ചകളിൽ ഏർപ്പെടുന്നതെന്നും ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ചോദിച്ചു.
അറബ് സമാധാന ശ്രമം ഇസ്രയേൽ അംഗീകരിച്ചിരുന്നെങ്കിൽ പല ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നു. ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ ആണെന്നും ശൈഖ് തമീം ആരോപിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സയീദ് അൽ നഹിയാൻ, സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദ്, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, ബഹ്റൈൻ രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹ്ബാസ് ശരീഫ് എന്നിവരടക്കം 50ൽ അധികം രാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.