/kalakaumudi/media/media_files/2025/07/01/netanyhaud-2025-07-01-21-20-24.jpg)
ജെറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അടുത്തയാഴ്ച അമേരിക്ക സന്ദര്‍ശിക്കും. ഇറാനിലെ ആണവ നിലയങ്ങള്‍ അമേരിക്ക ആക്രമിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നെതന്യാഹുവും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. തിങ്കളാഴ്ച വൈറ്റ്ഹൗസിലാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുന്നത്.
വെടിനിര്‍ത്തലും ബന്ദി കരാറും സ്ഥാപിക്കുന്നതിനും ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ട്രംപ് മുന്‍കൈയെടുത്ത പശ്ചാത്തലത്തില്‍
വളരെ പ്രാധാന്യത്തോടെയാണ് ലോകം ഈ സന്ദര്‍ശനം നോക്കിക്കാണുന്നത്. ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പരം വെല്ലുവിളി ഉയര്‍ത്തിയതും ഈ ദിവസങ്ങളിലാണ്.
ഈ വര്‍ഷം ജനുവരിയില്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം ഇത് മൂന്നാം തവണയാണ് നെതന്യാഹു വൈറ്റ്ഹൗസില്‍ എത്തുന്നത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രായേലും ഇറാനും തമ്മില്‍ 12 ദിവസങ്ങളിലായി നടന്ന യുദ്ധത്തിന് അമേരിക്കയുടെ ഇടപെടല്‍ കാരണമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
അതേ സമയം നെതന്യാഹുവിന്റെ സന്ദര്‍ശനത്തെ കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. നെതന്യാഹുവും ട്രംപും തമ്മില്‍ നടക്കുന്ന സംഭാഷണങ്ങളില്‍ പ്രധാന ചര്‍ച്ചാവിഷയമാകാന്‍ സാധ്യതയുള്ളത് ഗസ്സയും ഇറാനും ആയിരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.