/kalakaumudi/media/media_files/rM0l065ZeDYt0CjD8Y6d.jpg)
benjamin nerhanyahu
ടെല്‍ അവീവ്: കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍ ഹമാസ് യുദ്ധം അവസാനമില്ലാതെ തുടരുകയാണ്. അതിനിടെ റഫ അക്രമണം തടയാന്‍ ഇസ്രയേല്‍ തയ്യാറാകണമെന്ന ആവശ്യം ഇസ്രയേലില്‍ നിന്നുതന്നെ ശക്തമാവുകയാണ്. അമേരിക്ക നിര്‍ദ്ദേശം മുന്നോട്ടുവച്ചതിന് പിന്നാലെ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രയേലി സൈനികരുടെ മാതാപിതാക്കളും. ഗസയില്‍ വിന്യസിച്ചിരിക്കുന്ന 900-ലധികം ഇസ്രയേല്‍ സൈനികരുടെ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്കുള്ള മരണകെണി എന്ന് വിശേഷിപ്പിച്ചുകൊണ്ട് റഫയില്‍ തുടരുന്ന ആക്രമണം അവസാനിപ്പിക്കാന്‍ ഒരു തുറന്ന കത്തില്‍ ഒപ്പിട്ടിരിക്കുകയാണ്.
മേയ് 2 ന് അയച്ച ഈ കത്തില്‍ കത്തില്‍ പറയുന്നത് ഇങ്ങനെയാണ്. റഫയിലേക്കുള്ള നുഴഞ്ഞുകയറ്റം സംബന്ധിച്ച് മാസങ്ങള്‍ നീണ്ട മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ മറുവശത്ത് നമ്മുടെ സൈനികര്‍ റഫയെ ആക്രമിക്കാന്‍ സജീവമായി തയ്യാറെടുക്കുകയാണെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും വ്യക്തമാണെന്നും ഞങ്ങളുടെ മക്കള്‍ ശാരീരികമായും മാനസികമായും തളര്‍ന്നിരിക്കുന്നുവെന്നുമാണ് പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെയും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയെയും അഭിസംബോധന ചെയ്ത കത്തില്‍ പറയുന്നത്.
അവരെ ഈ അപകടകരമായ അവസ്ഥയിലേക്ക് അയയ്ക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും കത്തില്‍ ചോദിക്കുന്നു. ആദ്യ ഘട്ടം 600 ഓളം സൈനികരുടെ മാതാപിതാക്കളാണ് കത്തില്‍ ഒപ്പിട്ടത്. എന്നാല്‍ അടുത്ത ദിവസങ്ങളിലായി 300 ഓളം പേരുടെ മാതാപിതാക്കളും ഒപ്പി ടുകയായിരുന്നു.
എട്ട് മാസം നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ രക്തരൂക്ഷിതമായ പുതിയ ഘട്ടമാണ് റഫ ആക്രമണത്തിലൂടെ ഇസ്രയേല്‍ ലക്ഷ്യം വയ്ക്കുന്നത്. ആക്രമണങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍, മധ്യ അയല്‍പക്കങ്ങള്‍ ഒഴിയണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിനെത്തുടര്‍ന്ന് 360,000 നും 500,000 നും ഇടയില്‍ പലസ്തീനികള്‍ കഴിഞ്ഞ ആഴ്ച റഫയില്‍ നിന്ന് പലായനം ചെയ്തു. നേരത്തെ നടന്ന സംഘര്‍ഷത്തില്‍ പലസ്തീനികള്‍ പലായനം ചെയ്ത് അഭയം തേടിയ നഗരമായിരുന്നു റഫ. റഫക്ക് നേരെ ആക്രമണം നടത്തരുതെന്ന യുഎസ് മുന്നറിയിപ്പ് നിരസിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു.
ഹമാസ് വിമതര്‍ ഒക്ടോബറില്‍ തെക്കന്‍ ഇസ്രയേലിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തിയിരുന്നു. ഹമാസിനെതിരായ സൈനിക ആക്രമണത്തിനായി ഐഡിഎഫ് തുടക്കത്തില്‍ 350,000 റിസര്‍വസ്റ്റുകളെ വിളിച്ചു. മിക്കവരും ജനുവരിയില്‍ സര്‍വീസില്‍ നിന്ന് മോചിതരായി, ചിലര്‍ റഫ ആക്രമണത്തിനായി വീണ്ടും അണിനിരന്നിട്ടുണ്ട്. ഐഡിഎഫിന്റെ മൂന്ന് ഡിവിഷനുകള്‍ ഇപ്പോള്‍ ഗാസയില്‍ സജീവമാകുന്ന കാഴ്ചയുമുണ്ട്.
ഒരു ഇസ്രയേല്‍ കമാന്‍ഡറുടെ അമ്മ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. എന്റെ മകന്‍ കുറച്ച് മിനിറ്റ് മുമ്പ് എനിക്ക് വാട്ട്‌സ്ആപ്പില്‍ ഒരു സന്ദേശം അയച്ചു. അവര്‍ റഫയിലേക്കുള്ള യാത്രയിലാണ്, ഞാന്‍ ഭയന്നുവിറച്ചു. ഹമാസിനെതിരെ പോരാടാനുള്ള ദൗത്യത്തിന് ഞങ്ങള്‍ എതിരല്ല, എന്നാല്‍ റഫയില്‍ പ്രവേശിക്കുന്നതിനെ പിന്തുണക്കാനാവില്ല. തന്റെ മകന്‍ റഫയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ സൈന്യത്തോട് വിശ്വസ്തനായതിനാല്‍ അത് ചെയ്യുമെന്നുമാണ് അവര്‍ പറയുന്നത്.
സൈനികരുടെ മാതാപിതാക്കളുടെ കത്തിനോട് ഇസ്രയേല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എങ്കിലും കഴിഞ്ഞദിവസം ജറുസലേമിലെ വെസ്റ്റേണ്‍ വാളില്‍ നടന്ന അനുസ്മരണ ദിന ചടങ്ങില്‍ സംസാരിക്കവെ, കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ഉത്തരവാദിത്തം തനിക്കാണെന്ന് ഹലേവി പറയുകയുണ്ടായി.
ഇസ്രയേലിലെ യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ക്കുള്ള പിന്തുണ ശക്തമായി തുടരുന്നുണ്ട്. അതെ സമയം സംഘര്‍ഷം തുടരുമ്പോള്‍ മുതിര്‍ന്ന നയരൂപകര്‍ത്താക്കളിലടക്കം അതൃപ്തി വര്‍ദ്ധിക്കുകയാണ്. ഹമാസ് ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരാന്‍ നെതന്യാഹു എത്രയും വേഗം മാര്‍ഗങ്ങള്‍ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായ പ്രതിഷേധം നടക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകള്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു. തിങ്കളാഴ്ച്ച ജറുസലേമില്‍ ഇസ്രയേലിന്റെ സ്മാരക ദിനം ആചരിക്കുന്ന ചടങ്ങില്‍ നെതന്യാഹു നടത്തിയ പ്രസംഗത്തില്‍ നിന്ന് ബന്ദികളുടെ ബന്ധുക്കള്‍ ഇറങ്ങിപ്പോയതും കണ്ടതാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
