ആകാശത്ത് ഇനി ഇന്ത്യയുടെ കാലം ; അസ്ത്ര എംകെ3 കുതിക്കുന്നു

ആയുധ നിര്‍മ്മാണ രംഗത്ത് പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ ഓരോ നിമിഷവും വ്യത്യസ്ത യുദ്ധോപകരണങ്ങള്‍ പരീക്ഷിക്കുകയും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ അവയ്ക്ക് ആവശ്യക്കാര്‍ ഏറിവരുന്ന കാഴ്ചയുമാണ്.

author-image
Rajesh T L
New Update
mk3

ആയുധ നിര്‍മ്മാണ രംഗത്ത് പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ ഓരോ നിമിഷവും വ്യത്യസ്ത യുദ്ധോപകരണങ്ങള്‍ പരീക്ഷിക്കുകയും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ അവയ്ക്ക് ആവശ്യക്കാര്‍ ഏറിവരുന്ന കാഴ്ചയുമാണ്. ഇന്ത്യയുടെ പുത്തന്‍ ചുവടുവയ്പ്പും അങ്ങനെ ആകാശം കീഴടക്കാന്‍ ഒരുങ്ങുകയാണ്.വായുവില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളില്‍ യൂറോപ്യന്‍ നിര്‍മിത മിസൈലിനെ മറികടക്കുന്ന പ്രകടനവുമായി ഇന്ത്യയുടെ അസ്ത്ര എംകെ3 ഉടന്‍ കുതിക്കും.പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത അസ്ത്ര എംകെ3യാണ് യൂറോപ്യന്‍ നിര്‍മിത മെറ്റിയോറിനെ മറികടക്കുന്ന പ്രകടനം നടത്തുന്നത്. മെറ്റിയോറിനെ അപേക്ഷിച്ച് അസ്ത്ര എംകെ3-ന് 20% അധികം റാംജെറ്റ് എന്‍ജിന്‍ പ്രകടനവും 18% കൂടുതല്‍ ജ്വലന സമയവുമുണ്ടെന്നാണ് കണക്കുകള്‍. ലക്ഷ്യം നേരിട്ടു കാണാനാവാത്ത, ബിയോണ്ട് വിഷ്വല്‍ റേഞ്ച് ആകാശ യുദ്ധങ്ങളില്‍ ഇതോടെ നിര്‍ണായക ആയുധമായി അസ്ത്ര എംകെ3 മിസൈല്‍ മാറുകയാണ്.

ആധുനിക റാംജെറ്റ് പ്രൊപ്പല്‍ഷന്‍ സിസ്റ്റമാണ് അസ്ത്ര എംകെ3യുടെ പ്രകടനം മെച്ചപ്പെടുത്തിയത്. മിസൈല്‍ മുന്നോട്ടു പോവുന്നതിന്റെ വേഗത കൂടുമ്പോള്‍ അന്തരീക്ഷത്തില്‍ നിന്നു തന്നെ വായു വലിച്ചെടുതത് ഇന്ധനവുമായി ചേര്‍ത്ത് ജ്വലനം സാധ്യമാക്കുന്നവയാണ് റാംജെറ്റ് എന്‍ജിനുകള്‍. മിസൈലുകളില്‍ ഇന്ധനത്തിനൊപ്പം ജ്വലനം വേഗത്തിലാക്കാന്‍ പ്രത്യേകം ഓക്സിഡൈസറും ഉപയോഗിക്കേണ്ടി വരാറുണ്ട്. റാംജെറ്റ് എന്‍ജിനുകള്‍ ഓക്സിജന്‍ അന്തരീക്ഷത്തില്‍ നിന്നു തന്നെ വലിച്ചെടുക്കുന്നതിനാല്‍ ഓക്സിഡൈസറിന്റെ അളവ് കുറക്കാനാവും.ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മിസൈലുകള്‍ക്ക് സാധിക്കുകയും ചെയ്യും.

സൂപ്പര്‍സോണിക് വേഗതയിലാണ് റാംജെറ്റ് എന്‍ജിനുകള്‍ ഏറ്റവും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുക.മണിക്കൂറില്‍ 3,700 കിലോമീറ്റര്‍ മുതല്‍ മണിക്കൂറില്‍ 7,400 കിലോമീറ്റര്‍ വരെ വേഗതയിലാണ് റാംജെറ്റ് എന്‍ജിനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക. റാംജെറ്റുകളുടെ കാര്യക്ഷമത വിലയിരുത്തുന്നത് ഇംപള്‍സുകള്‍ അടിസ്ഥാനമാക്കിയാണ്.മെറ്റിയോറിനെ അപേക്ഷിച്ച് 20 ശതമാനം ഉയര്‍ന്ന ഇംപള്‍സ് അസ്ത്ര എംകെ3 മിസൈലിനുണ്ട്.

വായുവില്‍ നിന്നും വായുവിലെ ലക്ഷ്യത്തിലേക്ക് തൊടുക്കുന്ന അസ്ത്ര എംകെ3 18% അധിക ജ്വലന ശേഷിയും പ്രകടിപ്പിക്കുന്നുണ്ട്.ഇത് മിസൈലിനെ കൂടുതല്‍ ദൂരത്തിലുള്ള ലക്ഷ്യം ഭേദിക്കാനും സഹായിക്കുന്നു.ഇത് ലക്ഷ്യമിടുന്ന വിമാനങ്ങള്‍ക്ക് രക്ഷപ്പെട്ടു പോവാനുള്ള സാധ്യത വീണ്ടും കുറക്കുന്നു.ലഭ്യമായ വിവരങ്ങള്‍ പ്രകാരം പോര്‍വിമാനത്തില്‍ നിന്നും വിക്ഷേപിച്ചു കഴിഞ്ഞാല്‍ അസ്ത്ര എംകെ3യുടെ പരമാവധി റേഞ്ച് 270+ കിലോമീറ്ററാണ്. മെറ്റിയോറിന്റേത് ഏതാണ്ട് 250 കിലോമീറ്ററാണ്.

എംബിഡിഎയുടെ നേതൃത്വത്തില്‍ യൂറോപ്യന്‍ പ്രതിരോധ കമ്പനികളുടെ കൂട്ടായ്മയാണ് മെറ്റിയോര്‍ വികസിപ്പിച്ചെടുത്ത്.നിലവില്‍ ലോകത്തുള്ള ബിവിആര്‍ മിസൈലുകളില്‍ ഏറ്റവും ആധുനികമായാണ് മെറ്റിയോറിനെ വിലയിരുത്തുന്നത്.യൂറോഫൈറ്റര്‍ ടൈഫൂണ്‍,ദ സോള്‍ട്ട് റാഫേല്‍,സാബ് ഗ്രിപ്പന്‍ എന്നിങ്ങനെ വ്യത്യസ്ത പോര്‍ വിമാനങ്ങളില്‍ മെറ്റിയോര്‍ ഉപയോഗിക്കുന്നുണ്ട്. പല രാജ്യങ്ങളും 2016 മുതല്‍ മെറ്റിയോര്‍ ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചെടുത്ത അസ്ത്ര എംകെ3 നമ്മുടെ മിസൈല്‍ നിര്‍മാണ പദ്ധതിയിലെനിര്‍ണായക മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. വേഗതയിലും റേഞ്ചിലും നോ എസ്‌കേപ് സോണ്‍ വര്‍ധിപ്പിക്കുന്നതിലുമെല്ലാം അസ്ത്ര എംകെ3 മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്.ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത എസ്എഫ്ഡിആര്‍ മിസൈലാണ് അസ്ത്ര എംകെ3 അടിസ്ഥാനമാക്കിയിട്ടുള്ളത്.

missile india