/kalakaumudi/media/media_files/2025/09/12/bolsanaro-2025-09-12-07-50-22.jpg)
ബ്രസീലിയ: സൈനിക അട്ടിമറി ആസൂത്രണം ചെയ്ത കുറ്റത്തിന് ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് 27 വര്‍ഷവും മൂന്നു മാസവും തടവുശിക്ഷ. 2022ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുനേതാവ് ലുല ഡ സില്‍വയോട് പരാജയപ്പെട്ടതിനു പിന്നാലെ അധികാരത്തില്‍ തുടരാനായി പട്ടാള അട്ടിമറിക്ക് ശ്രമിച്ചെന്നതാണ് കേസ്.
ബ്രസീല്‍ സുപ്രീംകോടതിയുടേതാണ് വിധി. 2033ല്‍ നടക്കാനാരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ബൊല്‍സൊനാരോയ്ക്ക് വിലക്കേര്‍പ്പെടുത്തി.
ബൊല്‍സൊനാരോ അട്ടിമറി ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയെന്ന് തെളിഞ്ഞതായും കേസില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്നും അഞ്ചംഗ പാനലിലെ 4 ജസ്റ്റിസുമാരും പ്രഖ്യാപിച്ചിരുന്നു. ഒരാള്‍ മാത്രം ബൊല്‍സൊനാരോയെ വിട്ടയയ്ക്കുന്നതിനെ അനുകൂലിച്ചു. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതില്‍ കുറ്റക്കാരനാകുന്ന ആദ്യ മുന്‍ പ്രസിഡന്റാണ് ബൊല്‍സൊനാരോ.
അതേസമയം, താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ബൊല്‍സൊനാരോ അവകാശപ്പെട്ടു. ബ്രസീലിയയില്‍ വീട്ടുതടങ്കലിലാണ് നിലവില്‍ ബൊല്‍സൊനാരോയുള്ളത്. ബൊല്‍സൊനാരോയെ ജയിലില്‍ അയയ്ക്കാതെ വീട്ടുതടങ്കലില്‍ തുടരാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടേക്കും.
അതേസമയം, സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ബൊല്‍സൊനാരോയ്ക്ക് കഴിയില്ല. അഞ്ച് ജഡ്ജിമാരില്‍ രണ്ടോ അതില്‍ക്കൂടുതലോ പേര്‍ പ്രതിയെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ മാത്രമേ അപ്പീല്‍ നല്‍കാനാകൂ എന്നാണ് നിയമം.
പട്ടാള അട്ടിമറി ആസൂത്രണം ചെയ്തതു കൂടാതെ ലുലയെയും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെയും ഒരു സുപ്രീംകോടതി ജസ്റ്റിസിനെയും വധിക്കാനുള്ള പദ്ധതിയെക്കുറിച്ച് ബൊല്‍സൊനാരോയ്ക്ക് അറിവുണ്ടായിരുന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത അനുകൂലിയായിരുന്നു ബൊല്‍സൊനാരോ. ബൊല്‍സൊനാരോയ്ക്ക് എതിരായ വിധി അദ്ഭുതപ്പെടുത്തുന്നുവെന്ന് ട്രംപ് പ്രതികരിച്ചു. ബ്രസീല്‍ ഭരണകൂടം ബൊല്‍സൊനാരോയെ വേട്ടയാടുകയാണെന്നും അതിനു തക്ക പ്രതികരണം യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ബ്രസീലിനുള്ള തീരുവ വര്‍ധിപ്പിക്കുകയും വിധി പ്രഖ്യാപിച്ച ജഡ്ജിമാര്‍ക്ക് ഉപരോധമേര്‍പ്പെടുത്തുകയും ചെയ്യുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.