പാകിസ്ഥാന്‍ ഭീകരതയുടെ പ്രഭവകേന്ദ്രം; യുഎന്നില്‍ ജയ്ശങ്കര്‍

അതിര്‍ത്തികടന്നുള്ള ഭീകരവാദത്തിന്റെ ഏറ്റവുംപുതിയ ഉദാഹരണമാണ് ഇക്കൊല്ലം ഏപ്രിലില്‍ വിനോദസഞ്ചാരികള്‍ക്കുനേരേ പഹല്‍ഗാമില്‍നടന്ന പൈശാചികമായ ആക്രമണം. ഭീകരവാദത്തില്‍നിന്ന് സ്വന്തം പൗരരെ രക്ഷിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിച്ചു

author-image
Biju
New Update
jaishankar

ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയുടെ എണ്‍പതാം വാര്‍ഷികയോഗത്തില്‍ ഭീകരതയെ നേരിടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. ഭീകരവാദം നേരിടുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കണമെന്ന് ശനിയാഴ്ച പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

''പതിറ്റാണ്ടുകളായി ആഗോളഭീകരതയുടെ പ്രഭവകേന്ദ്രമായ അയല്‍രാജ്യമുള്ള ഇന്ത്യ, സ്വാതന്ത്ര്യംനേടിയ കാലംമുതല്‍ ഈ വെല്ലുവിളി നേരിടുന്നുണ്ട്. പതിറ്റാണ്ടുകള്‍ക്കിടയില്‍ അന്താരാഷ്ട്രതലത്തില്‍ നടന്ന പ്രധാന ഭീകരാക്രമണങ്ങളില്‍ ആ രാജ്യത്തിന്റെ അടയാളം കാണാം. യുഎന്നിന്റെ ഭീകരപ്പട്ടികയിലുള്ള ആളുകളില്‍ കൂടുതലും ആ രാജ്യക്കാരാണ്.

അതിര്‍ത്തികടന്നുള്ള ഭീകരവാദത്തിന്റെ ഏറ്റവുംപുതിയ ഉദാഹരണമാണ് ഇക്കൊല്ലം ഏപ്രിലില്‍ വിനോദസഞ്ചാരികള്‍ക്കുനേരേ പഹല്‍ഗാമില്‍നടന്ന പൈശാചികമായ ആക്രമണം. ഭീകരവാദത്തില്‍നിന്ന് സ്വന്തം പൗരരെ രക്ഷിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിച്ചു. അതിന്റെ സംഘാടകരെയും ആസൂത്രകരെയും നീതിക്കുമുന്നിലെത്തിച്ചു. ഭീകരത എല്ലാവരും നേരിടുന്ന ഭീഷണിയായതില്‍, ഇക്കാര്യത്തില്‍ ശക്തമായ അന്താരാഷ്ട്രസഹകരണം ആവശ്യമാണ്. ഭീകര കേന്ദ്രങ്ങള്‍ നടത്തുകയും അവരെ പരസ്യമായി മഹത്ത്വവത്കരിക്കയും ചെയ്യുന്ന നടപടിയെ ശക്തമായി അപലപിക്കണം. ഭീകരതയ്ക്ക് സഹായധനം വരുന്നത് ഇല്ലാതാക്കണം'' -അദ്ദേഹം പറഞ്ഞു.