ജയിംസ് ഡി. വാട്‌സന്‍ അന്തരിച്ചു

ലോങ് ഐലന്‍ഡിലെ ചികിത്സാകേന്ദ്രത്തിലായിരുന്നു അന്ത്യമെന്ന് മകന്‍ ഡന്‍കന്‍ അറിയിച്ചു. ഡിഎന്‍എ ഘടന കണ്ടെത്തലിനു കിര്‍ക്കിനും മോറിസ് വില്‍കിന്‍സിനുമൊപ്പം വാട്‌സന് 1962ല്‍ വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചിരുന്നു

author-image
Biju
New Update
james

ന്യൂയോര്‍ക്ക്: ആധുനിക ജനിതക ശാസ്ത്രത്തിനു തറക്കല്ലിട്ട കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായ ജയിംസ് ഡി.വാട്‌സന്‍ (97) അന്തരിച്ചു. ഡിഎന്‍എ തന്മാത്രയുടെ ഇരട്ടപ്പിരിയന്‍ ഗോവണിഘടന ഫ്രാന്‍സിസ് കിര്‍ക്കിനൊപ്പം 1953ല്‍ തന്റെ 25ാം വയസ്സില്‍ കണ്ടെത്തിയതാണു വാട്‌സനെ ലോകപ്രശസ്തനാക്കിയത്.

ലോങ് ഐലന്‍ഡിലെ ചികിത്സാകേന്ദ്രത്തിലായിരുന്നു അന്ത്യമെന്ന് മകന്‍ ഡന്‍കന്‍ അറിയിച്ചു. ഡിഎന്‍എ ഘടന കണ്ടെത്തലിനു കിര്‍ക്കിനും മോറിസ് വില്‍കിന്‍സിനുമൊപ്പം വാട്‌സന് 1962ല്‍ വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചിരുന്നു.

ഡിഎന്‍എ ഘടനയുടെ കണ്ടെത്തല്‍ 20ാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ ശാസ്ത്രനേട്ടങ്ങളിലൊന്നായാണ് കരുതുന്നത്. ബയോടെക്‌നോളജി, ജനിതക എന്‍ജിനീയറിങ്, ജീന്‍ തെറപ്പി, ജനിതക പരിശോധന, ഡിഎന്‍എ ഫിംഗര്‍ പ്രിന്റിങ്, ജീന്‍ എഡിറ്റിങ് തുടങ്ങിയവയുടെ മുന്നേറ്റത്തിനു കണ്ടുപിടിത്തം കാരണമായി. 1928ല്‍ യുഎസിലെ ഷിക്കാഗോയിലാണു വാട്‌സന്റെ ജനനം. 22ാം വയസ്സില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി. മോളിക്യുലര്‍ ബയോളജിസ്റ്റ്, ജനിതക ഗവേഷകന്‍, ജന്തുശാസ്ത്ര വിദഗ്ധന്‍ എന്നീ മേഖലകളില്‍ അദ്ദേഹം ശോഭിച്ചു.

ഡിഎന്‍എ ഘടന കണ്ടെത്തിയതിനു പുറമേ ഒട്ടേറെ ഗവേഷണങ്ങളിലും അദ്ദേഹം പങ്കാളിയായി. മനുഷ്യ ജനിതകവ്യവസ്ഥയെ സമഗ്രമായി മനസ്സിലാക്കാനും രേഖപ്പെടുത്താനുമുള്ള വന്‍ ഗവേഷണ ശ്രമമായ ഹ്യുമന്‍ ജീനോം പദ്ധതിയില്‍ അംഗമായിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പിന്നീട് അതില്‍നിന്നു പടിയിറങ്ങി. 1968ല്‍ ഡബിള്‍ ഹെലിക്‌സ് എന്ന ഓര്‍മക്കുറിപ്പ് പുറത്തിറക്കി.