ജപ്പാന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി സനേ തകായിച്ചി

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ കടുത്ത ആരാധികയായാണ് സനേ തകായിച്ചി സ്വയം വിശേഷിപ്പിക്കുന്നത്. ജപ്പാന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൂന്നാം ശ്രമത്തിലാണ് സനേ തകായിച്ചി എത്തുന്നത്

author-image
Biju
New Update
yene

ടോക്കിയോ: ജപ്പാന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി സനേ തകായിച്ചി. ജപ്പാന്റെ ഇരുമ്പ് വനിതയെന്ന് അറിയപ്പെടുന്ന 64കാരി ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി പദത്തിലേക്ക് ആവശ്യമായ നിര്‍ണായക വോട്ടെടുപ്പ് വിജയിച്ചത്. 

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ കടുത്ത ആരാധികയായാണ് സനേ തകായിച്ചി സ്വയം വിശേഷിപ്പിക്കുന്നത്. ജപ്പാന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൂന്നാം ശ്രമത്തിലാണ് സനേ തകായിച്ചി എത്തുന്നത്. അഞ്ച് വര്‍ഷത്തിനുള്ളിലുണ്ടാവുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് സനേ തകായിച്ചി. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ ആരോപണങ്ങളിലൂടെയാണ് നിലവില്‍ കടന്ന് പോകുന്നത്. 

എല്‍ഡിപിയുടെ തീവ്ര വിഭാഗത്തിലെ പ്രമുഖ നേതാവായ സനേ തകായിച്ചി അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ശിഷ്യ കൂടിയാണ്. താറുമാറായ സമ്പദ്വ്യവസ്ഥ, അമേരിക്കയുമായുള്ള ബന്ധത്തിലെ കല്ലുകടികള്‍, ആഭ്യന്തര സംഘര്‍ഷങ്ങളും അഴിമതികളും മൂലം എല്‍ഡിപി താറുമാറായ അവസ്ഥ എന്നിങ്ങനെ രൂക്ഷമായ വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് സനേ തകായിച്ചി സുപ്രധാന പദവിയിലേക്ക് എത്തുന്നത്.

യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന സനേ തകായിച്ചിയ്‌ക്കെതിരെ പാര്‍ട്ടിയിലെ നിക്ഷ്പക്ഷ നേതാക്കള്‍ എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു. പുരുഷന്മാര്‍ക്ക് മാത്രമുള്ള പിന്തുടര്‍ച്ചാവകാശത്തെ പിന്തുണയ്ക്കുകയും വിവാഹ ശേഷം ദമ്പതികള്‍ രണ്ട് കുടുംബ പേരുകളില്‍ തുടരുന്നതിനും സ്വവര്‍ഗ വിവാഹത്തെ നിശിതമായി എതിര്‍ക്കുന്ന വനിതാ നേതാവ് കൂടിയാണ് സനേ തകായിച്ചി. 

ജൂലൈയില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേരിട്ട കനത്ത തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രി ആയിരുന്ന ഷിഗെരു ഇഷിബ രാജിവച്ചത്. തകായിച്ചി സ്ഥാനമേല്‍ക്കുന്നതോടെ ജപ്പാനിലെ മൂന്ന് മാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ അസ്ഥിരതയ്ക്ക് അവസാനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിലെ കൃഷിമന്ത്രിയും മുന്‍ പ്രധാനമന്ത്രി ഷിന്‍ജിരോ കൊയ്സുമിയുടെ മകനുമായ ഷിന്‍ജിരോ കൊയ്സുമിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് മുന്‍ സാമ്പത്തിക സുരക്ഷാ മന്ത്രി സനേ തകായിച്ചി പാര്‍ട്ടിയുടെ നേതൃ സ്ഥാനത്തെത്തുന്നത്. ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി പദത്തിലെത്തിയെങ്കിലും തകായിച്ചിയുടെ സഖ്യത്തിന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇപ്പോഴും ഭൂരിപക്ഷമില്ല. 

അതിനാല്‍ തന്നെ നിയമനിര്‍മ്മാണത്തിനായി തകായിച്ചിയുടെ സഖ്യത്തിന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇപ്പോഴും ഭൂരിപക്ഷമില്ല. അതുകൊണ്ടു തന്നെ ഏതെങ്കിലും നിയമനിര്‍മ്മാണത്തിനായി പ്രതിപക്ഷ ഗ്രൂപ്പുകളെ പിന്തുണ വേണ്ട സാഹചര്യവും ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി നേരിടുന്നുണ്ട്. ഇത് സര്‍ക്കാരിനെ അസ്ഥിരമാക്കുന്ന ഘടകമാണ്.