ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു

ജപ്പാന്‍ അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഒപ്പു വച്ചേക്കും എന്നുള്ള സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഭരണകക്ഷിയില്‍ തന്നെ പ്രധാനമന്ത്രിക്ക് എതിരെ ഭിന്നസ്വരമുയര്‍ന്നത് എന്നാണ് സൂചന.

author-image
Biju
New Update
japan

ടോക്യോ : ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു. കഴിഞ്ഞ ജൂലൈ മാസത്തില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വിയെ തുടര്‍ന്നാണ് തീരുമാനം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഭരണകക്ഷിയില്‍ തന്നെ പിളര്‍പ്പിനുള്ള സാധ്യത ഉണ്ടായത് പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രാജി.

ജപ്പാന്‍ അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഒപ്പു വച്ചേക്കും എന്നുള്ള സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഭരണകക്ഷിയില്‍ തന്നെ പ്രധാനമന്ത്രിക്ക് എതിരെ ഭിന്നസ്വരമുയര്‍ന്നത് എന്നാണ് സൂചന.
ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി)യിലെ പിളര്‍പ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ ഞായറാഴ്ച രാജിവയ്ക്കാനുള്ള തീരുമാനം സ്ഥിരീകരിച്ചതെന്ന് ജാപ്പനീസ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈയില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിപിക്കും സഖ്യകക്ഷിയായ കൊമൈറ്റോയ്ക്കും കനത്ത തിരിച്ചടിയായിരുന്നു ഉണ്ടായത്.

ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ജപ്പാനില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ എല്‍ഡിപി നയിക്കുന്ന ഭരണ സഖ്യത്തിന് ലോവര്‍ ഹൗസിലും ഡയറ്റിന്റെ അപ്പര്‍ ഹൗസിലും ഭൂരിപക്ഷം നഷ്ടപ്പെട്ടു. 248 സീറ്റുകളുള്ള ഉപരിസഭയില്‍ എല്‍ഡിപിക്ക് ഭൂരിപക്ഷം നേടാനായില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ ഇഷിബയ്ക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ സമ്മര്‍ദ്ദം ഉണ്ടാവുകയായിരുന്നു.