/kalakaumudi/media/media_files/2025/08/10/japan-2025-08-10-14-58-40.jpg)
ടോക്കിയോ: ചെറിയരീതിയില്‍ അടുത്തിടെയായി പൊട്ടിത്തെറിച്ചുകൊണ്ടിരുന്ന ജപ്പാനിലെ ഷിന്‍മോഡേക്ക് അഗ്‌നിപര്‍വതം വലിയരീതിയില്‍ പൊട്ടിത്തെറിച്ചു. പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 5.23നാണ് സംഭവം. അഗ്‌നിപര്‍വതത്തില്‍നിന്ന് കറുത്ത പുകയും ചാരവും 3000 മീറ്റര്‍ ഉയരത്തില്‍വരെ എത്തിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനിലെ ക്യൂഷു ദ്വീപിലെ കിരിഷിമ പര്‍വതനിരകളിലാണ് ഷിന്‍മോഡേക്ക് സ്ഥിതി ചെയ്യുന്നത്. കഗോഷിമ, മിയാസാക്കി എന്നീ നഗരങ്ങളുടെ അതിര്‍ത്തിയിലാണിത്. ജൂണ്‍ 27 മുതല്‍ ഇടയ്ക്കിടയ്ക്ക് ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നു പുലര്‍ച്ചെ ഉണ്ടായത് വലിയതോതിലാണെന്നാണ് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഗ്‌നിപര്‍വതത്തിന് 14 കി.മീ. ചുറ്റളവില്‍ ചെറിയ പാറക്കഷണങ്ങള്‍ വീണേക്കാമെന്ന് ജപ്പാന്‍ മിറ്റീരിയോളജിക്കല്‍ ഏജന്‍സി (ജെഎംഎ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂണ്‍ 22നാണ് ഒരിടവേളയ്ക്കുശേഷം ആദ്യമായി അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചത്. 2018ലായിരുന്നു ഇതിനു മുന്‍പ് പൊട്ടിത്തെറിയുണ്ടായത്. ഏകദേശം 1,420 മീറ്ററാണ് (4,659 അടി) അഗ്‌നിപര്‍വതത്തിന്റെ ഉയരം. ഏകദേശം 730025,000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ അഗ്‌നിപര്‍വതം രൂപംകൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു. 1716ലാണ് ആദ്യമായിഈ അഗ്‌നിപര്‍വതത്തില്‍ ഒരു പൊട്ടിത്തെറിയുണ്ടായതെന്നാണ് രേഖകള്‍. അതിനുശേഷം 1717, 1771, 1822, 1959, 1991, 2008, 2009, 2011, 2017, 2018 എന്നീ വര്‍ഷങ്ങളിലും പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്.
തത്സുകിയുടെ പ്രവചനമോ?ജൂലൈ അഞ്ചിനു പുലര്‍ച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നും കരുതുന്നതിലും വലിയ നാശനഷ്ടങ്ങള്‍ സൂനാമിയില്‍ സംഭവിക്കുമെന്നുമായിരുന്നു മാംഗ ആര്‍ടിസ്റ്റ് റയോ തത്സുകി പ്രവചിച്ചിരുന്നത്. സ്വപ്നത്തില്‍ തനിക്കുണ്ടായ അപകടമുന്നറിയിപ്പാണ് അവര്‍ പങ്കുവച്ചത്. തത്സുകിയുടെ പ്രവചനങ്ങള്‍ മുന്‍പു കൃത്യമായി ഫലിച്ചിരുന്നതോടെ ജനം ഭയപ്പാടിലായിരുന്നു. എന്നാല്‍ ജൂലൈ 5ന് അപകടമൊന്നും സംഭവിച്ചില്ല. തത്സുകിയുടെ പ്രവചനം മറന്നുതുടങ്ങിയപ്പോള്‍ ജൂലൈ 30ന് റഷ്യയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ജപ്പാന്റെ തീരത്തേക്ക് സൂനാമിയെത്തിയിരുന്നു.