ചരിത്രവിവാഹത്തിനൊരുങ്ങി വിയെന്നെ; താരങ്ങളുടെ കുത്തൊഴുക്ക്

2023 മേയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ജെഫിന്റെ അഞ്ഞൂറുമില്യണ്‍ ഡോളര്‍ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്തായിരിക്കും വിവാഹം. വിവിധ മേഖലയില്‍നിന്നുള്ള പ്രമുഖരായ 200-ഓളംപേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന അത്യാഡംബര വിവാഹത്തിന്റെ ചെലവ് സംബന്ധിച്ച അഭ്യൂഹങ്ങളാണ് മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്

author-image
Biju
New Update
sdSDG

വിയെന്നെ: ആമസോണ്‍ സ്ഥാപകനും അമേരിക്കന്‍ ശതകോടീശ്വരനുമായ ജെഫ് ബെസോസും മാധ്യമ പ്രവര്‍ത്തക ലോറന്‍ സാഞ്ചെസും തമ്മിലുള്ള വിവാഹത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് വെനീസ്. വിവാഹത്തിനായി വിയെന്നേയിലേക്ക് ലോകോത്തര താരങ്ങളുടെ കുത്തൊഴുക്കാണ്.

2023 മേയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ജെഫിന്റെ അഞ്ഞൂറുമില്യണ്‍ ഡോളര്‍ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്തായിരിക്കും വിവാഹം. വിവിധ മേഖലയില്‍നിന്നുള്ള പ്രമുഖരായ 200-ഓളംപേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന അത്യാഡംബര വിവാഹത്തിന്റെ ചെലവ് സംബന്ധിച്ച അഭ്യൂഹങ്ങളാണ് മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്.

വിവാഹത്തിന്റെ ആകെ ചെലവ് ഏകദേശം 16 മില്യണ്‍ ഡോളര്‍ (ഏകദേശം 137 കോടിരൂപ) വരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൂക്കള്‍കൊണ്ടുള്ള അലങ്കാരത്തിനും വിവാഹവേദി ഒരുക്കുന്നതിനും വേണ്ടിയാണ് ഏകദേശം 1 മില്യണ്‍ ഡോളര്‍ (എട്ട് കോടിയിലധികം രൂപ) ചെലവഴിക്കുന്നത്. അതിഥികള്‍ അടക്കമുള്ളവര്‍ക്കുള്ള ഭക്ഷണത്തിനും മറ്റുമായി 1 മില്യണ്‍ ഡോളറും (എട്ട് കോടിയിലധികം രൂപ), സാഞ്ചസിന്റെ വസ്ത്രങ്ങള്‍ക്കായി ഏകദേശം 1.5 മില്യണ്‍ ഡോളറും (12 കോടി രൂപയിലധികം) ചെലവഴിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചരിത്ര പ്രാധ്യാന്യമുള്ള സ്ഥലങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ 2 മില്യണ്‍ ഡോളറും (17 കോടിയിലധികം), മറ്റ് തയ്യാറെടുപ്പുകള്‍ക്കുവേണ്ടി 3 മില്യണ്‍ ഡോളര്‍ (25 കോടിയിലധികം രൂപ) വരെയും ചെലവഴിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

വെനീഷ്യന്‍ ലഗൂണില്‍ നങ്കൂരമിടുന്ന ബെസോസിന്റെ 500 മില്യണ്‍ ഡോളര്‍ ആഡംബര നൗകയ്ക്കൊപ്പം അബിയോണ എന്ന് പേരുള്ള അത്രയും തന്നെ വലിയൊരു സപ്പോര്‍ട്ട് ഷിപ്പും ഉണ്ടാകും. വെനീസിലെ വേദികളാണ് വിവാഹ പരിപാടികള്‍ക്ക് പശ്ചാത്തലമാകുന്നത്. ഗ്രാന്‍ഡ് കനാലിലെ 15-ാം നൂറ്റാണ്ടിലെ കൊട്ടാരമായ പലാസ്സോ പിസാനി മൊറെറ്റ, ഒരു നവോത്ഥാനകാല സൃഷ്ടിയായ സ്‌കുവോളെ ഗ്രാന്‍ഡെ ഡെല്ലാ മിസെറിക്കോര്‍ഡിയ, വെനീസിലെ ലഗൂണിനെ അഡ്രിയാറ്റിക് കടലില്‍ നിന്ന് വേര്‍തിരിക്കുന്ന ഒരു ദ്വീപായ ലിഡോയിലുള്ള പ്രശസ്തമായ ഹോട്ടല്‍ എക്സല്‍സിയര്‍ എന്നിവിടങ്ങളില്‍ കോക്ക്ടെയില്‍ റിസപ്ഷനുകളും ആഘോഷങ്ങളും നടക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

സെലിബ്രിറ്റികള്‍, ബിസിനസ് നേതാക്കള്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍, നേതാക്കള്‍ എന്നിവര്‍ അതിഥികളായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയേക്കാം എന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് നടന്‍ ഓര്‍ലാന്‍ഡോ ബ്ലൂം, പ്രതിശ്രുത വധു കാറ്റി പെറി, കിം കര്‍ദാഷിയാന്‍, ഓപ്ര വിന്‍ഫ്രി, ലിയോനാര്‍ഡോ ഡികാപ്രിയോ എന്നിവരും എത്തുമെന്ന് കരുതപ്പെടുന്നു. ടെക് ഭീമന്മാരായ ബില്‍ ഗേറ്റ്സ്, എലോണ്‍ മസ്‌ക്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരും പ്രതീക്ഷിക്കുന്ന അതിഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. അതിഥികള്‍ക്ക് താമസിക്കുന്നതിനായി ഗ്രാന്‍ഡ് കനാലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ആഢംബര ഹോട്ടലായ അമാന്‍ വെനീസും, ദി ഗ്രിറ്റി പാലസ്, ഹോട്ടല്‍ ഡാനിയേലി, ദി സെന്റ് റെജിസ്, ദി മാരിയറ്റ് എന്നിവയയാണ് ബുക്കുചെയ്തിട്ടുള്ളത്. ഇവാങ്ക ട്രംപും ജാറെഡ് കുഷ്നറും സെന്റ് റെജിസില്‍ താമസിക്കുമെന്നാണ് വിവരം.

വിവാഹത്തിന്റെ മൊത്തത്തിലുള്ള അലങ്കാരങ്ങള്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ഇവന്റ് പ്ലാനര്‍മാരായ ലാന്‍സ ആന്‍ഡ് ബൗസിനയാണ് കൈകാര്യം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെനീസില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ പ്രശസ്തമായ ഈ സ്ഥാപനം, 2009-ലെ സല്‍മ ഹയക്കിന്റെയും ഫ്രാങ്കോയിസ്-ഹെന്റി പിനോയുടെയും ആഢംബര വിവാഹവത്തിന്റെ ചുമതലയും വഹിച്ചിരുന്നു. പ്രശസ്ത കരകൗശല ഗ്ലാസ് നിര്‍മ്മാതാക്കളായ ലഗൂണ ബി അലങ്കാരപ്പണികളില്‍ പങ്കാളികളാകുമെന്നും പറയപ്പെടുന്നു. വെനീസിലെ ഏറ്റവും പഴക്കം ചെന്ന പേസ്ട്രി കടയായ റോസ സാല്‍വയടക്കം ആഘോഷങ്ങളുടെ ഭാഗമാകുന്നുണ്ട്. അതിഥികള്‍ക്കുള്ള സമ്മാനപ്പൊതികളിലേക്ക്  കുക്കികളും, തിരഞ്ഞെടുക്കപ്പെട്ട പലഹാരങ്ങളും ഈ ബേക്കറി തയ്യാറാക്കും. 1876 മുതലുള്ള പരമ്പരാഗത ഡോണട്ട് ആകൃതിയിലുള്ള ബിസ്‌കറ്റുകള്‍ക്ക് പേരുകേട്ട ബേക്കറിയാണിത്.

 

jeff bezos