Joe Biden
വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നു പിന്മാറില്ലെന്നും മത്സരരംഗത്തു തുടരുമെന്നും ബൈഡന്‍ ഉറപ്പിച്ചു പറഞ്ഞു. യുഎസ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ അറ്റ്‌ലാന്റ സംവാദത്തില്‍ താന്‍ പിന്നോട്ടുപോയെന്നു സമ്മതിച്ച് യുഎസ് പ്രസിഡന്റും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ജോ ബൈഡന്‍.
സംവാദത്തില്‍ പിന്നോട്ടുപോയെന്നതു ശരിയാണ്. എന്നാല്‍ സംവാദത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല ഭരണകാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകണം തന്നെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. ''ഞാന്‍ തന്നെയാണ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. എന്നെ മാറ്റാന്‍ ആരും ശ്രമിക്കുന്നില്ല. ഞാന്‍ പുറത്തുപോകുന്നുമില്ല. ഞാന്‍ മത്സരരംഗത്തുണ്ടാകും.''ബൈഡന്‍ പറഞ്ഞു.
ബൈഡനെ നോമിനി സ്ഥാനത്തുനിന്ന് മാറ്റാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ബൈഡന്റെ പ്രതികരണം. അറ്റ്‌ലാന്റയില്‍ ടെലിവിഷന്‍ ചാനലായ സിഎന്‍എന്‍ സംഘടിപ്പിച്ച പ്രഥമ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ നേരിടുന്നതില്‍ ബൈഡന്‍ പിന്നോട്ടുപോയതോടെ ആയിരുന്നു ഇത്. സംവാദത്തിലെ ട്രംപിന്റെ ആരോപണങ്ങളില്‍ പലതും വ്യാജവും അര്‍ധസത്യങ്ങളും ആയിരുന്നെങ്കിലും അതിനെ ഖണ്ഡിക്കാനാകാതെ 81കാരനായ ബൈഡന്‍ കുഴങ്ങുന്ന സാഹചര്യമാണുണ്ടായത്.