ജോൺ സീന ഡബ്ല്യു.ഡബ്ല്യു.ഇയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ഡബ്ല്യു.ഡബ്ല്യു.ഇ ടൊറൻറോയിൽ സംഘടിപ്പിച്ച 'മണി ഇൻ ദ ബാങ്ക്' വിനോദ ഗുസ്തി പരിപാടിയിൽ അപ്രതീക്ഷിതമായെത്തിയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

author-image
Anagha Rajeev
New Update
w
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡബ്ല്യു.ഡബ്ല്യു.ഇയിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ജോൺ സീന. 2025ഓടെ താൻ ഡബ്ല്യു.ഡബ്ല്യു.ഇയുടെ റിങ്ങിൽ നിന്ന് വിടവാങ്ങുമെന്നാണ് ജോൺ സീന പ്രഖ്യാപിച്ചിരിക്കുന്നത്. ഡബ്ല്യു.ഡബ്ല്യു.ഇ ടൊറൻറോയിൽ സംഘടിപ്പിച്ച 'മണി ഇൻ ദ ബാങ്ക്' വിനോദ ഗുസ്തി പരിപാടിയിൽ അപ്രതീക്ഷിതമായെത്തിയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

'മൈ ടൈം ഈസ് നൗ' എന്ന തൻറെ പ്രശസ്തമായ ഉദ്ധരണിയെ ഓർമിപ്പിച്ച് 'ദ ലാസ്റ്റ് ടൈം ഈസ് നൗ' എന്നെഴുതിയ ടവ്വലുമായാണ് ജോൺ സീന ടൊറൻറോയിലെ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. 'ജോൺ സീന ഫെയർവെൽ ടൂർ' എന്ന് ഷർട്ടിൽ എഴുതിയിട്ടുമുണ്ടായിരുന്നു. ഏറെ വൈകാരികമായാണ് ജോൺ സീന തൻറെ വിരമിക്കൽ പ്രഖ്യാപിച്ചത്. അപ്രതീക്ഷിത പ്രഖ്യാപനത്തിൽ ഞെട്ടിയ ആരാധകർ 'നോ, നോ' എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.

2025ൽ റോയൽ റംബ്ൾ, എലിമിനേഷൻ ചേംബർ, ലാസ് വെഗാസിൽ നടക്കുന്ന റെസിൽമാനിയ 41 എന്നീ പരിപാടികളിൽ കൂടി പങ്കെടുത്താണ് താൻ വിടവാങ്ങുകയെന്ന് ജോൺ സീന വ്യക്തമാക്കി.

2002ലാണ് അമേരിക്കൻ വിനോദ ഗുസ്തി ലീഗായ ഡബ്ല്യു.ഡബ്ല്യു.ഇ (വേൾഡ് റെസ്ലിംങ് എൻറർടെയിൻമെൻറ്) യിലേക്ക് ബോഡി ബിൽഡറായ ജോൺ സീന കടന്നുവരുന്നത്. പിന്നീട്, റിങ്ങിലെ എക്കാലത്തെയും പ്രമുഖ താരമായി വളരുകയായിരുന്നു. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള താരംകൂടിയാണ്.

ഡബ്ല്യു.ഡബ്ല്യു.ഇയിൽ 17 തവണ ചാമ്പ്യനാണ്. മൂന്ന് തവണ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യനും രണ്ട് തവണ വേൾഡ് റ്റാഗ് ടീം ചാമ്പ്യനുമായിട്ടുണ്ട്. 2007ൽ റോയൽ റമ്പിളിലും ജോൺ സീന വിജയിച്ചിരുന്നു.

John Cena