കിമ്മിന്റെ മകള്‍ ഉത്തരകൊറിയയുടെ ഭരണം ഏറ്റെടുക്കുന്നെന്ന് റിപ്പോര്‍ട്ട്

ആരെയും എപ്പോഴും ആക്രമിക്കാന്‍ മടിയില്ലാത്ത രാജ്യമെന്നനിലയില്‍ ഒരു പന്ത്രണ്ടുകാരിയുടെ കൈയില്‍ ഭരണം എത്തിയാല്‍ പിന്നെന്ത് സംഭവിക്കുമെന്നാണ് ലോകരാഷ്ടങ്ങള്‍ ഭയക്കുന്നത്.

author-image
Biju
New Update
kim

സിയോള്‍: വാര്‍ത്തകളോ, വിവരങ്ങളോ ഒന്നും തന്നെ പുറത്തുവരാത്ത വിചിത്രമായ ചട്ടക്കൂടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യമാണ് ഉത്തരകൊറിയ. എങ്കിലും ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഭരണം ആരംഭിച്ചതുമുതല്‍ രാജ്യം ലോക രാഷ്ട്രങ്ങളുടെ പേടിസ്വപ്‌നമാണ്. കാരണം നിരവധി ആണവായുധങ്ങള്‍ പോലും കൈയിലുള്ള ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് എപ്പോള്‍ എന്തുസംഭവിക്കുമെന്നത് അമേരിക്കയ്ക്ക് പോലും പ്രവചിക്കാന്‍ സാധിക്കാത്ത രഹസ്യാത്മകമാണ് അവരുടെ രീതികള്‍.

ഇപ്പോഴിതാ ലോകത്തെ ഏറ്റവും ശക്തമായ ആണവ ശേഷിയുള്ള ഈ രാജ്യത്തിന്റെ ഭരണം ഇനി കിം ജോങ് ഉന്നിന്റെ കൗമാരകാരിയായ മകള്‍ കിം ജു-എ ഏറ്റെടുക്കുന്നുവെന്ന അഭ്യൂഹമാണ് പ്രചരിക്കുന്നത്. ആരെയും എപ്പോഴും ആക്രമിക്കാന്‍ മടിയില്ലാത്ത രാജ്യമെന്നനിലയില്‍ ഒരു പന്ത്രണ്ടുകാരിയുടെ കൈയില്‍ ഭരണം എത്തിയാല്‍ പിന്നെന്ത് സംഭവിക്കുമെന്നാണ് ലോകരാഷ്ടങ്ങള്‍ ഭയക്കുന്നത്.

ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍, ദക്ഷിണ കൊറിയന്‍ ഇന്റലിജന്‍സ് ഏജന്‍സികളെയും വിദഗ്ധരെയും ഉദ്ധരിച്ച് ജു-എ, കിമ്മിന്റെ അനന്തരാവകാശിയാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസിലെ പുതിയ ഡയറക്ടര്‍ ചോ തേ-യോങ്ങും ഈ വിലയിരുത്തലിനെ ശരിവയ്ക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്.

ഉത്തരകൊറിയയും അവിടെത്തെ ഭരണാധികാരിയും, അതോടൊപ്പം അവിടെത്തെ ഭരണവും പോലെ ജു-എയുടെ കൃത്യമായ പ്രായവും ഇന്നും രഹസ്യമാണ്. എന്നാല്‍, ദക്ഷിണ കൊറിയന്‍ ഇന്റലിജന്‍സിന്റെ കണക്കനുസരിച്ച് ഏകദേശം 12 വയസ്സാണ് പ്രായം കണക്കാക്കുന്നത്. 2022 നവംബറില്‍ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന് മുന്നില്‍ അച്ഛന്റെ കൈയ്യില്‍ പിടിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ജു-എ ലോക ശ്രദ്ധ നേടിയത്. അന്നുമുതല്‍ ഉത്തരകൊറിയയുടെ ഭരണകൂട മാധ്യമങ്ങളില്‍ അവള്‍ പരിചിതയായ മുഖമായി മാറി. സൈനിക, ഔദ്യോഗിക പരിപാടികളില്‍ പിതാവിനൊപ്പം ജു-എ പതിവായി പ്രത്യക്ഷപ്പെടാറുണ്ട്.

അതേസമയം എടുത്തു പറയേണ്ട വസ്തുത എന്തെന്നാല്‍ ഉത്തരകൊറിയയുടെ കര്‍ശന നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ പോലും ജു-എയുടെ പേര് ഒരിക്കലും പരാമര്‍ശിച്ചിട്ടില്ല. പകരം, നേതാവിന്റെ ''ഏറ്റവും പ്രിയപ്പെട്ട'' അല്ലെങ്കില്‍ ''ബഹുമാനിക്കപ്പെടുന്ന'' മകള്‍ എന്ന് മാത്രമാണ് അവരെ വിശേഷിപ്പിക്കാറുള്ളത്. ആ കൗമാരക്കാരിയുടെ ശബ്ദം ഇതുവരെ പൊതുവിടങ്ങളില്‍ കേട്ടിട്ടില്ല, കൂടാതെ മകള്‍ക്ക് ഔദ്യോഗിക പദവികളൊന്നും നല്‍കിയിട്ടുമില്ല. എന്നിരുന്നാലും, രഹസ്യാന്വേഷണ ഏജന്‍സികളും വിദഗ്ധരും കിം രാജവംശത്തിന് കീഴില്‍ രാജ്യത്തിന്റെ നാലാം തലമുറ നേതൃത്വത്തിലേക്കുള്ള പ്രധാന സ്ഥാനാര്‍ത്ഥിയായി അവളെ കണക്കാക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

2011-ല്‍ തന്റെ പിതാവ് കിം ജോങ് ഇല്ലിന് ശേഷം അധികാരം ഏറ്റെടുത്ത കിം ജോങ് ഉന്‍ സ്വന്തം അധികാരം ഉറപ്പിക്കാന്‍ നടത്തിയ ആദ്യകാല നീക്കങ്ങളെയാണ് ജു-എയുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യം ഓര്‍മ്മിപ്പിക്കുന്നത്. കര്‍ക്കശമായ പുരുഷാധിപത്യ പാരമ്പര്യങ്ങളുള്ള ഒരു രാജ്യത്ത്, ജു-എ ഉത്തര കൊറിയയുടെ ആദ്യ വനിതാ നേതാവാകാനുള്ള സാധ്യത അഭൂതപൂര്‍വമായ ഒരു മാറ്റമായിരിക്കും എന്നതില്‍ സംശയമില്ല. എന്നിരുന്നാലും, അത്തരമൊരു മാറ്റം രാജവംശത്തിന്റെ അധികാരത്തിലുള്ള പിടി നിലനിര്‍ത്താന്‍ രൂപകല്‍പ്പന ചെയ്ത ഒന്നായിരിക്കാമെന്നും വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കിമ്മിന്റെ ആരോഗ്യം, പിന്‍ഗാമിയുടെ ആവശ്യം.

കിമ്മിന് കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും, ഒരുപക്ഷേ മൂന്ന് കുട്ടികളെങ്കിലും ഉണ്ടെന്ന് ദക്ഷിണ കൊറിയന്‍ ഇന്റലിജന്‍സ് വിശ്വസിക്കുന്നു, എന്നാല്‍ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട ഒരേയൊരു വ്യക്തി ജു-എയാണ്. കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളും ഒരു പിന്‍ഗാമിയായി ജു-എ ഉയര്‍ന്നുവരുന്നതിന് ഒരു കാരണമായേക്കാം.

41 വയസ്സുകാരനായ കിം ജോങ് ഉന്നിന് കുടുംബപരമായി ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും, ഏകദേശം 5 അടി 7 ഇഞ്ച് ഉയരവും ഏകദേശം 130 കിലോഗ്രാം ഭാരവുമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ചെയിന്‍ സ്‌മോക്കിംഗ്, അമിത മദ്യപാനം, അമിത ഭക്ഷണം, ആയുധ ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള രാത്രിയിലെ ഇന്റര്‍നെറ്റ് സെഷനുകള്‍ എന്നിവയാല്‍ അടയാളപ്പെടുത്തിയ അദ്ദേഹത്തിന്റെ ജീവിതശൈലി ആരോഗ്യപരമായ അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

kim jong un