കഫാല സിസ്റ്റം അവസാനിപ്പിച്ച് സൗദി അറേബ്യ

കഫാല സമ്പ്രദായം(സ്‌പോണ്‍സര്‍ സിസ്റ്റം) സൗദി അറേബ്യയിലും മറ്റ് മധ്യഷ്യന്‍ രാജ്യങ്ങളിലും ദശകങ്ങളായി തുടര്‍ന്ന് പോന്നിരുന്ന ഒന്നാണ്.

author-image
Biju
New Update
kafala

റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്നാണ് കഫാല സമ്പ്രദായം സൗദി അറേബ്യ അവസാനിപ്പിച്ചത്. ഇത് സൗദിയിലുള്ള മലയാളി തൊഴിലാളികള്‍ക്കും ഗുണം ചെയ്യും. കഫാല സമ്പ്രദായം അവസാനിപ്പിച്ചതിലൂടെ തൊഴിലാളിക്ക് മേലുള്ള സ്‌പോണ്‍സറുടെ സമ്പൂര്‍ണ അധികാരം ഇല്ലാതെയായി. എന്താണ് കഫാല സമ്പ്രദായം? 

കഫാല സമ്പ്രദായം(സ്‌പോണ്‍സര്‍ സിസ്റ്റം) സൗദി അറേബ്യയിലും മറ്റ് മധ്യഷ്യന്‍ രാജ്യങ്ങളിലും ദശകങ്ങളായി തുടര്‍ന്ന് പോന്നിരുന്ന ഒന്നാണ്. കഫാല സിസ്റ്റം അനുസരിച്ച് തൊഴിലാളിയും സ്‌പോണ്‍സറും തമ്മിലുള്ള കരാര്‍ പ്രകാരം ഈ ഒരു സ്‌പോണ്‍സറിന് കീഴില്‍ മാത്രമേ സൗദിയില്‍ ഈ തൊഴിലാളിക്ക് ജോലി ചെയ്യാന്‍ സാധിക്കുകയുള്ളു.

സ്‌പോണ്‍സറുടെ അനുവാദം ഇല്ലാതെ തൊഴിലാളിക്ക് സൗദിയില്‍ മറ്റൊരു ജോലിയിലേക്ക് മാറാന്‍ സാധിക്കില്ല. കഫാല സിസ്റ്റത്തെ ആധുനിക കാലത്തെ അടിമ വ്യവസ്ഥ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഈ കഫാല സിസ്റ്റം ദുരുപയോഗം ചെയ്ത് കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗദിയിലെ ജീവിതം സ്‌പോണ്‍സര്‍മാര്‍ ദുസഹമാക്കിയിരുന്നു.

വീട്ടുജോലിക്കാര്‍, കെട്ടിട നിര്‍മാണ തൊഴിലാളികളായി എത്തിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ അവസ്ഥ ഈ കഫാല സിസ്റ്റത്തിലൂടെ അടിമകള്‍ക്ക് സമാനമായിരുന്നു. കഫാല സിസ്റ്റത്തിലൂടെ ജോലി മാറാന്‍ സ്‌പോണ്‍സറുടെ അനുവാദം വേണം എന്നതിന് പുറമെ സൗദി വിടാന്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും സ്‌പോണ്‍സറുടെ നിലപാട് ആശ്രയിക്കേണ്ടി വന്നു. 

2022ലെ ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ സൗദിയില്‍ നടക്കുമ്പോഴാണ് കഫാല സിസ്റ്റം പ്രധാനമായും വിമര്‍ശനത്തിന് ഇടയായത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ ഫിഫ ലോകകപ്പിനുള്ള സ്റ്റേഡിയം നിര്‍മാണത്തിനിടെ മരിച്ചിരുന്നു. 

ഈ വര്‍ഷം ആദ്യമാണ് കഫാല സിസ്റ്റം അവസാനിപ്പിക്കാന്‍ തീരുമാിച്ചതായി സൗദി പ്രഖ്യാപിച്ചത്. കഫാല സിസ്റ്റത്തിന് പകരം തൊഴിലാളിക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന കരാര്‍ വ്യവസ്ഥ കൊണ്ടുവരും എന്നാണ് സൗദി അറേബ്യ അവകാശപ്പെടുന്നത്. സൗദിയുടെ വിഷന്‍ 2030 എന്ന ദേശിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് കഫാല സിസ്റ്റവും അവസാനിപ്പിച്ചത്. 

കഫാല സിസ്റ്റം അവസാനിപ്പിച്ചത് സൗദിയിലെ 10 ലക്ഷത്തോളം വരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഗുണം ചെയ്യും. കഫാല സിസ്റ്റത്തിന് പകരം വരുന്ന പുതിയ വ്യവസ്ഥയിലൂടെ തൊഴിലാളികള്‍ക്ക് കരാര്‍ അവസാനിക്കുന്നതോടെ മറ്റ് ജോലിയില്‍ പ്രവേശിക്കാം. ഇതിന് മുന്‍പത്തെ സ്‌പോണ്‍സറുടെ അനുമതി വാങ്ങേണ്ടതില്ല. അതിനൊപ്പം സൗദി വിടാനും തിരിച്ച് വരാനും സ്‌പോണ്‍സറുടെ അനുവാദം തേടേണ്ടതില്ല. 

കഫാല സമ്പ്രദായം അവസാനിപ്പിക്കുന്നതിലൂടെ തൊഴിലാളികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്നും സൗദി തൊഴില്‍ മാര്‍ക്കറ്റിന് ആഗോള തലത്തില്‍ സ്വീകാര്യത ലഭിക്കുമെന്നും സൗദി ഭരണകൂടം കണക്കാക്കുന്നു. ബഹ്‌റിന്‍ ആണ് കഫാല സിസ്റ്റം ആദ്യമായി നിരോധിച്ച മിഡില്‍ ഈസ്റ്റ് രാജ്യം. 2009ല്‍ ആയിരുന്നു ഇത്. യുഎഇ 2015ല്‍ കഫാല സിസ്റ്റത്തില്‍ മാറ്റം വരുത്തി. കരാര്‍ കാലാവധി അവസാനിച്ച തൊഴിലാളികള്‍ക്ക് പുതിയ പെര്‍മിറ്റിലൂടെ മറ്റൊരു ജോലി അന്വേഷിച്ച് രാജ്യത്ത് തുടരാന്‍ ആറ് മാസത്തെ വിസ അനുവദിച്ചിരുന്നു.