വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനു പകരം ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ കമല ഹാരിസ് അഭിപ്രായ സർവേകളിൽ ഉള്ള മുന്നേറ്റം മാറ്റമില്ലാതെ തുടരുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡോണൾഡ് ട്രംപ് ഏറെ പിന്നിലല്ലെങ്കിലും ദേശീയ, സംസ്ഥാന സർവേകളിലെല്ലാം മുന്നിട്ടുനിൽക്കുന്നതു കമലയാണെന്ന ആവേശത്തിലാണ് ഡെമോക്രാറ്റിക് പാർട്ടി.
അസോഷ്യേറ്റഡ് പ്രസ് (എപി), നാഷനൽ ഒപ്പീനിയൻ റിസർച് സെന്റർ (നോർക്) എന്നിവർ ചേർന്ന് 1,164 വോട്ടർമാർക്കിടയിൽ ഓഗസ്റ്റ് 8 മുതൽ 12 വരെ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെ ഫലമനുസരിച്ച് കമലയ്ക്ക് 49% പിന്തുണയുണ്ട്. ട്രംപിന് 41%. പാർട്ടി അനുഭാവങ്ങളൊന്നുമില്ലാത്ത സ്വതന്ത്രവോട്ടർമാരിൽ 40% കമലയെ അനുകൂലിക്കുന്നു; 40% പേർ ട്രംപിനൊപ്പമുണ്ട്.
അതേസമയം, വെള്ളക്കാരായ പുരുഷന്മാരിൽ 10 ൽ 6 പേർക്കും കമലയെക്കുറിച്ച് മതിപ്പില്ല. എന്നാൽ, വെള്ളക്കാരായ, കോളജ് ബിരുദമുള്ള വനിതകളിൽ 10 ൽ 6 പേർക്കും നല്ല അഭിപ്രായമാണ്. പൊതുവെ നോക്കിയാൽ, വെള്ളക്കാരായ വനിതകളിൽ 49% പേർക്കു മാത്രമേ നല്ല അഭിപ്രായമുള്ളൂ. 46% വനിതകൾക്കും മതിപ്പില്ല. കറുത്തവർഗക്കാരായ വോട്ടർമാരുടെ പിന്തുണയും കമല നിലനിർത്തിയിട്ടുണ്ട്. എപി–നോർക് സർവേയിലെ പിശക് സാധ്യത 3.8% ആണ്.