/kalakaumudi/media/media_files/2025/09/21/abdul-2025-09-21-21-57-00.jpg)
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീം പ്രതിയായ കേസില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി തള്ളി. കീഴക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു. ഹര്‍ജി തള്ളിയത്തോടെ ഇനി റഹീമിന് എതിരെ മറ്റു നടപടികള്‍ ഉണ്ടാവില്ല. മോചനത്തിലേക്കും കാര്യങ്ങള്‍ ഇനി എളുപ്പമാകും.
വിധിയില്‍ റഹീം നിയമ സഹായ സമിതി സന്തോഷം പ്രകടിപ്പിച്ചു. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദിലെ ജയിലില്‍ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീം.20 വര്‍ഷത്തേക്കാണ് കോടതി അബ്ദുല്‍ റഹീമിന് ശിക്ഷ വിധിച്ചിരുന്നത്. 2026 ഡിസംബറില്‍ കേസിന് 20 വര്‍ഷം തികയും. സ്വകാര്യ അവാകാശത്തിന്റെ അടിസ്ഥാനത്തില്‍ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാല്‍ (ഏകദേശം 34 കോടി ഇന്ത്യന്‍ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നല്‍കിയതോടെ ഒരു വര്‍ഷം മുമ്പ് ഒഴിവായത്.
എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരം തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളാന്‍ ഇടയാക്കിയിരുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 13 സിറ്റിങ്ങാണ് നടന്നത്. 2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്.