/kalakaumudi/media/media_files/2025/12/11/sir-kerala-2025-12-11-20-18-29.jpg)
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദഭരണ പ്രദേശത്തും എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. യുപിയില്‍ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ച നീട്ടിയപ്പോള്‍ പശ്ചിമബംഗാളിന്റെ ആവശ്യം കമ്മീഷന്‍ തള്ളി. കേരളത്തില്‍ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. എസ്‌ഐആര്‍ ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ ഭരണ പ്രതിപക്ഷ വാക്‌പോര് തുടരുകയാണ്.
എസ്‌ഐആര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം താങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിലായി ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്തതുള്‍പ്പടെ ഗുരുതര പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച കേരളത്തിന് നേരത്തെ സമയം നീട്ടി നല്‍കിയിരുന്നു. എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള തീയതി 6 ഇടങ്ങളില്‍ ഇന്ന് അവസാനിക്കേണ്ടതായിരുന്നു, ഇതാണ് ഒരാഴ്ചകൂടി നീട്ടിയത്.
ഗുരുതര പരാതികളുയര്‍ന്ന ഉത്തര്‍ പ്രദേശില്‍ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് 15 ദിവസമാണ് നീട്ടിയത്. ഈമാസം 31 നാകും യുപിയില്‍ ഇനി കരട് പട്ടിക പ്രസിദ്ധീകരിക്കുക. മധ്യപ്രദേശ് ഛത്തീസ്ഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ഫോം സമര്‍പ്പിക്കാന്‍ ഒരാഴ്ചയും തമിഴ്‌നാട്ടിലും ഗുജറാത്തിലും മൂന്ന് ദിവസം കൂടിയും സമയം അനുവദിച്ചു.
എന്നാല്‍ പശ്ചിമബംഗാളില്‍ ഇതിനുള്ള കാലാവധി ഇന്ന് രാത്രി തന്നെ അവസാനിക്കും. 55 ലക്ഷം പേരാണ് ബംഗാളിലെ പട്ടികയില്‍ നിന്ന് ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്‌ഐആറില്‍ ഉച്ചയ്ക്കു ശേഷമാണ് രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങിയത്. എല്ലാ പാര്‍ട്ടികള്‍ക്കും ഒരുപോലെ പ്രവര്‍ത്തിക്കാനുള്ള അവകാശം ബിജെപി ഭരണത്തില്‍ നിഷേധിക്കുകയാണെന്ന് ചര്‍ച്ച തുടങ്ങിയ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ആരോപിച്ചു.
തെറ്റ് ചെയ്യുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ക്ക് പരിരക്ഷ നല്‍കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വനിതകള്‍ക്ക് ധനസഹായം നല്‍കാനൊരുങ്ങവേ പെരുമാറ്റചട്ടം ചൂണ്ടിക്കാട്ടിയ കമ്മീഷന്‍, ബിഹാറില്‍ സര്‍ക്കാര്‍ വന്‍തോതില്‍ പണം നല്‍കിയപ്പോള്‍ മിണ്ടിയില്ലെന്നും അജയ് മാക്കന്‍ ചൂണ്ടിക്കാട്ടി. ജനങ്ങളോട് ആഴത്തിലുള്ള ബന്ധം സൃഷ്ടിച്ചാലേ വോട്ട് ലഭിക്കൂവെന്ന് കോണ്‍ഗ്രസിന് ഇപ്പോഴും മനസിലായിട്ടില്ലെന്ന് ബിജെപി തിരിച്ചടിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
