അമേരിക്കയില്‍ മോദിയുടെ സമവാക്യം

അമേരിക്ക അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിക്കുന്ന 'സ്ഥിരീകരിക്കപ്പെട്ട' പൗരന്മാരെ തിരിച്ചെടുക്കാന്‍ ഇന്ത്യ പൂര്‍ണ്ണമായും തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

author-image
Biju
New Update
afswda

Narendramodi and Donald Trump

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇരുരാജ്യങ്ങളും സ്വീകരിച്ചിരിക്കുകയാണ്. ട്രംപിന്റെ ആദ്യ ടേമില്‍ ഹൗഡി മോഡിയും നമസ്‌തേ ട്രംപുമെല്ലാം ചര്‍ച്ചയാക്കിയപ്പോള്‍ ഇക്കുറി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മുഴം മുമ്പേ എറിഞ്ഞാണ് മോദി തരംഗമാകുന്നത്. 

മോദിയുടെ ഭാഗത്തുനിന്നും പുതിയ സൂത്രവാക്യം പിറന്നിരിക്കുകയാണ്.  യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് 'മാഗ+മിഗ=മെഗാ' എന്ന സൂത്രവാക്യവുമായി മോദി രംഗത്തെത്തിയത്. ട്രംപിന്റെയും മോദിയുടെയും പ്രചാരണ മുദ്രാവാക്യങ്ങള്‍ ചേര്‍ത്താണു ഉഭയകക്ഷി ബന്ധത്തിനു പുതുമ ചാര്‍ത്തിയത്.

''ട്രംപിന്റെ മാഗ... അതായത് മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ അമേരിക്കയെ വീണ്ടും മഹത്തരമാക്കുക.... എന്ന മുദ്രാവാക്യത്തെക്കുറിച്ച് അമേരിക്കയിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ഇന്ത്യയിലെ ജനങ്ങളും പൈതൃകത്തിലും വികസനത്തിലും ശ്രദ്ധിക്കുന്നു. അമേരിക്കയുടെ ഭാഷയില്‍ പറഞ്ഞാല്‍, ഇതു മിഗ... മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍...  ഇന്ത്യയെ വീണ്ടും മഹത്തരമാക്കുക...എന്നാണ്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍, ഈ മാഗയും മിഗയും സമൃദ്ധിക്കായുള്ള 'മെഗാ' പങ്കാളിത്തമായി മാറുമെന്നും മോദി പറഞ്ഞു.

കൂടാതെ ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ വ്യാപാരം, പ്രതിരോധം, കുടിയേറ്റം എന്നിവ പ്രധാന വിഷയമായി. ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിന്റെ ആദ്യ മാസത്തിനുള്ളില്‍ തന്നെ നടന്ന കൂടിക്കാഴ്ചയില്‍ 26/11 മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതും എഫ്-35 ജെറ്റ് കരാറുമായിരുന്നു പ്രധാന തീരുമാനങ്ങളായി പുറത്തുവന്നത്.

2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും 500 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാര ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ടെന്നും വ്യാപാര കമ്മി കുറയ്ക്കുന്നതിനായി ഇന്ത്യ കൂടുതല്‍ യുഎസ് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുമെന്നും സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. മോട്ടോര്‍ സൈക്കിളുകള്‍, ലോഹങ്ങള്‍, സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ സമീപകാല നടപടികളെ ട്രംപ് സ്വാഗതം ചെയ്തു.

26/11 ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്നത് ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായിരുന്നു. 'ഭീകരരില്‍ പ്രധാനിയായ തഹാവൂര്‍ റാണയെ ഇന്ത്യയില്‍ വിചാരണം നേരിടുന്നതിന് കൈമാറാന്‍ ഭരണകൂടം അംഗീകാരം നല്‍കിയെന്നു ട്രംപ് പറഞ്ഞു.

പ്രതിരോധ ബന്ധങ്ങള്‍ക്ക് വലിയ പ്രോത്സാഹനമായി അഞ്ചാം തലമുറ എഫ് -35 സ്റ്റെല്‍ത്ത് ജെറ്റുകള്‍ ഇന്ത്യയ്ക്ക് നല്‍കുമെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതിസന്ധി പരിഹരിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി, ഇന്ത്യ സമാധാനത്തിനൊപ്പം നില്‍ക്കുന്നുവെന്ന് പറഞ്ഞു. 'ഇന്ത്യ നിഷ്പക്ഷമാണെന്ന് ലോകം കരുതുന്നു, പക്ഷേ ഇന്ത്യ നിഷ്പക്ഷമല്ല. ഇന്ത്യയ്ക്ക് നിലപാടുണ്ട്, അത് സമാധാനമാണ്,' മോദി പറഞ്ഞു.

അമേരിക്ക അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിക്കുന്ന 'സ്ഥിരീകരിക്കപ്പെട്ട' പൗരന്മാരെ തിരിച്ചെടുക്കാന്‍ ഇന്ത്യ പൂര്‍ണ്ണമായും തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. പ്രതിരോധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെമികണ്ടക്ടറുകള്‍, ഊര്‍ജ്ജം, ബഹിരാകാശം എന്നീ മേഖലകളില്‍ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാരുകള്‍, അക്കാദമിക് മേഖല, സ്വകാര്യ മേഖല എന്നിവയ്ക്കിടയില്‍ കൂടുതല്‍ സഹകരണം ലക്ഷ്യമിട്ടുള്ള 'ട്രസ്റ്റ്' സംരംഭത്തിന് തുടക്കം കുറിക്കുമെന്ന് ഇരു നേതാക്കളും പ്രഖ്യാപിച്ചു.

 

donald trump narendra modi narendramodi pm narendramodi