ഖാലിസ്ഥാന്‍ വാദികള്‍ക്കെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്; ഇന്ദര്‍ജീത് സിംഗ് ഗോസല്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

സെപ്തംബര്‍ 19 ന് ഒന്റാരിയോയില്‍ വെച്ച് നടന്ന ഒരു വാഹന പരിശോധനയ്ക്കിടെയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. ആയുധങ്ങളുമായി ബന്ധപ്പെട്ട വിവിധ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

author-image
Biju
New Update
kh

ഒട്ടാവ: ഖാലിസ്ഥാന്‍ വാദികള്‍ക്കെതിരെ കാനഡയുടെ വന്‍ നടപടി. ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനിന്റെ അടുത്ത സഹായിയായ ഇന്ദര്‍ജീത് സിംഗ് ഗോസല്‍ ഉള്‍പ്പെടെ മൂന്ന് ഖാലിസ്ഥാന്‍ ഭീകരരെ കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഭീകരവാദത്തിനെതിരെ നടപടിയെടുക്കാന്‍ കാനഡയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

സെപ്തംബര്‍ 19 ന് ഒന്റാരിയോയില്‍ വെച്ച് നടന്ന ഒരു വാഹന പരിശോധനയ്ക്കിടെയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. ആയുധങ്ങളുമായി ബന്ധപ്പെട്ട വിവിധ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഖാലിസ്ഥാന്‍ വാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡോവല്‍ കാനഡയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ അറസ്റ്റ്.

2023 ജൂണില്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണശേഷം യു.എസ്. ആസ്ഥാനമായുള്ള 'സിഖ്‌സ് ഫോര്‍ ജസ്റ്റിസ്' എന്ന ഖാലിസ്ഥാന്‍ സംഘടനയുടെ പ്രധാന കനേഡിയന്‍ സംഘാടകനായിരുന്നു ഗോസല്‍. ഖാലിസ്ഥാന്‍ വാദികളോട് കാനഡ മുമ്പ് സ്വീകരിച്ചുവന്ന മൃദുസമീപനത്തില്‍ നിന്നുള്ള ശ്രദ്ധേയമായ മാറ്റമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.