ഇസ്രയേല്‍- ഇറാന്‍ യുദ്ധം ആരംഭിച്ച ശേഷം ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് ശക്തമായ ഡയലോഗുകള്‍ അടിച്ച് കൈയടി നേടുന്ന നേതാവാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി. ഏറ്റവും ഒടുവിലായി അദ്ദേഹം നടത്തിയ പ്രസംഗം വൈറലാവുകയും അറബ് ലോകം ഒന്നടങ്കം കൈയടിക്കുകയും ചെയ്തിരിക്കുകയാണ്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വിധിയില്‍ പ്രതികരണം നടത്തിയപ്പോഴാണ് പാശ്ചാത്യ ലോകനേതാക്കളെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഫറവോയോട് ഉപമിച്ചുകൊണ്ട് അദ്ദേഹം രംഗത്തുവന്നത്.
അറസ്റ്റ് വാറന്റ് പോരാ, വധശിക്ഷയാണ് നെതന്യാഹുവിന് നല്‍കേണ്ടതെന്നും ഖമേനി അഭിപ്രായപ്പെട്ടു. ഇസ്രായേലിന്റെ എല്ലാ ക്രിമിനല്‍ നേതാക്കള്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരെയാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നത്.ഗാസയ്ക്കെതിരായ വ്യാപകവും ആസൂത്രിതവുമായ ആക്രമണത്തിന്റെ ഭാഗമായി കൊലപാതകം, പീഡനം, പട്ടിണിയെ യുദ്ധായുധമായി ഉപയോഗിച്ചത് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നെതന്യാഹുവും ഗാലന്റും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കോടതി അഭിപ്രായപ്പെട്ടിരുന്നത്.
ഹിപ്പോകളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് നടന്ന യുദ്ധത്തില്‍ 3576 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെക്കന്‍ ഈജിപ്ത് ഭരിച്ചിരുന്ന ഫറവോ സെകനേരെ താവോ കൊല്ലപ്പെട്ടത് അതിക്രൂരമായാണെന്ന പഠനം ഉദ്ധരിച്ചുകൊണ്ടായിരുന്നുഖമേനിയുടെ പരാമര്‍ശം.'ധീരന്‍' എന്നറിയപ്പെടുന്ന ആ ഈജിപ്ഷ്യന്‍ ഭരണാധികാരിയുടെ മമ്മിയുടെ സിടി സ്‌കാനിങ്ങിലൂടെയാണ് പുരാവസ്തു ഗവേഷകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പലസ്തീന്‍ കേന്ദ്രമാക്കി ഭരിച്ചിരുന്ന ഹൈക്കോസോസ് സെകനേരെ താവോയുടെ കീഴിലുള്ള തെബെസിലെ ഹിപ്പോപൊട്ടാമസുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് യുദ്ധത്തില്‍ കലാശിച്ചത്.
17ാം രാജവംശത്തിന്റെ കാലത്ത് 1560-1555 ബിസി വരെയാണ് സെകനേരെ താവോ ദക്ഷിണ തെബാന്‍ മേഖല ഭരിച്ചത്. ഇതേകാലത്ത് തന്നെ സെകനേരെയുടെ അധീന പ്രദേശത്തോട് ചേര്‍ന്ന മധ്യ ഈജിപ്ത് ഭരിച്ചിരുന്നത് പലസ്തീന്‍ ആസ്ഥാനമായി ഭരണം നടത്തിയിരുന്ന ഹൈക്കോസോസ് രാജാക്കന്‍മാരായിരുന്നു.സെകനേരയുടെ കീഴിലെ തെബാസിലുള്ള ഹിപ്പൊപൊട്ടാമസ് കുളത്തില്‍ നിന്നുള്ള ശബ്ദം രൂക്ഷമാണെന്നും രാത്രി പോലും ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും കാണിച്ച് ഹൈക്കോസോസ് രാജാവായ അപോഫിസ് സെകനേരെക്ക് കത്തയച്ചിരുന്നു.
തുടര്‍ന്നുണ്ടായ യുദ്ധത്തിനിടെയാണ് സെകനേരയും മകന്‍ കാമോസെയും കൊല്ലപ്പെട്ടത്. ഈജിപ്തിനെ വിദേശ ശക്തികളില്‍ നിന്നും മോചിപ്പിക്കാനുള്ള സെകനേരയുടെ ശ്രമം പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ മകന്‍ അഹ്മോസ് ഒന്നാമന്‍ ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. സെകനേരയുടെ മരണത്തിന് ശേഷം 18-19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഹ്മോസ് ഒന്നാമന്‍ പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്ത് സ്വന്തം ഭരണം സ്ഥാപിച്ചത്.
സെകനേരെയുടെ മമ്മി 1881ലാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. ദെയര്‍ എല്‍ ബഹ്രി എന്നറിയപ്പെടുന്ന ശവകുടീരത്തില്‍ നിന്നായിരുന്നു ഈ മമ്മി കണ്ടെത്തിയത്. 1960കളില്‍ ഈ മമ്മിയില്‍ നടത്തിയ എക്സ് റേ പരിശോധനയില്‍ സെകനേരെക്ക് മരണത്തിന് മുന്‍പ് ആഴത്തില്‍ പരിക്കേറ്റിരുന്നുവെന്ന് വ്യക്തമായിരുന്നു. അതേസമയം, സെകനേരെയുടെ മമ്മിയുടെ തലക്ക് താഴെയുള്ള ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. മരണസമയത്ത് സെകനേരെക്ക് ഏതാണ്ട് നാല്‍പത് വയസായിരുന്നു പ്രായമെന്നാണ് കരുതപ്പെടുന്നത്.
ലഭ്യമായ തെളിവുകള്‍ വച്ച് സെകനേരെയെ യുദ്ധഭൂമിയില്‍ വെച്ച് പിടികൂടി ശത്രു സൈന്യം ക്രൂരമായി വധിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.പിടികൂടിയ സെകനേരെയെ കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ നിര്‍ത്തിയാണ് ക്രൂരമായ പീഢനങ്ങള്‍ക്കിരയാക്കിയതെന്ന് കരുതുന്നു. പിന്നീട് മമ്മിയാക്കിയ ശരീരത്തിലെ കൈകളുടെ ഇരിപ്പ് കണ്ടാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. കുറഞ്ഞത് അഞ്ച് വ്യത്യസ്ത ആയുധങ്ങള്‍ ഫറവോ സെകനേരെക്കെതിരെ എതിരാളികള്‍ പ്രയോഗിച്ചിരുന്നുെവന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.