/kalakaumudi/media/media_files/2025/10/31/andrew-2025-10-31-07-21-57.jpg)
ലണ്ടന്‍: ബ്രിട്ടനില്‍ ആന്‍ഡ്രു രാജകുമാരന്റെ രാജകീയ പദവികള്‍ എടുത്തുകളഞ്ഞ് കൊട്ടാരത്തില്‍നിന്ന് പുറത്താക്കാന്‍ ചാള്‍സ് രാജാവ് നടപടി തുടങ്ങി. ബക്കിങ്ങാം കൊട്ടാരമാണ് ഇക്കാര്യം ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
യുഎസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള ബന്ധത്തിന്റെ പേരില്‍ ഒരുപാടു വിവാദങ്ങളില്‍ പെട്ട ആന്‍ഡ്രു രാജകുമാരന്‍ രാജകുടുംബത്തിന് പേരുദോഷമുണ്ടാകാതിരിക്കുന്നതിനാണ് നീക്കം. ഇതിന്റെ ഭാഗമായി ആന്‍ഡ്രുവിന്റെ രാജകുമാരന്‍ എന്ന പദവിയും എടുത്തുമാറ്റും. ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍ എന്നാകും ഇനി ആന്‍ഡ്രു രാജകുമാരന്‍ അറിയപ്പെടുക.
ആന്‍ഡ്രു രാജകുമാരന് ലഭിച്ച പദവികളും അംഗീകാരങ്ങളും റദ്ദാക്കാനുള്ള ഔദ്യോഗിക നടപടികള്‍ രാജാവ് ആരംഭിച്ചതായി ബക്കിങ്ങാം കൊട്ടാരം പത്രക്കുറിപ്പില്‍ പറയുന്നു. കൊട്ടാരത്തില്‍ കഴിയാനുള്ള അനുമതി തിരികെ നല്‍കണമെന്നും സ്വകാര്യ താമസസ്ഥലത്തേക്കു മാറണമെന്നും കത്തില്‍ ആന്‍ഡ്രു രാജകുമാരന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തനിക്കുനേരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ആന്‍ഡ്രു രാജകുമാരന്‍ നിഷേധിക്കുന്നുണ്ടെങ്കിലും ഈ നടപടി ഒഴിവാക്കാനാകാത്തതാണെന്നും കൊട്ടാരം അറിയിച്ചു. ആന്‍ഡ്രുവിന്റെ മുന്‍ഭാര്യ സാറാ ഫെര്‍ഗൂസന് പ്രഭ്വി പദവി നഷ്ടമാകും.
വെര്‍ജീനിയ ജുഫ്രേ എന്ന സ്ത്രീയുമായുള്ള ലൈംഗികബന്ധവും തുടര്‍ന്നുള്ള കോടതി വ്യവഹാരവും അദ്ദേഹത്തിന്റെ ജനപ്രീതിക്ക് മങ്ങലേല്‍പിച്ചിരുന്നു. ഒരു ചൈനീസ് ചാരനുമായുള്ള ബിസിനസ് ഇടപാടുകളും വിവാദമായിരുന്നു. ആരോപണങ്ങളെല്ലാം തള്ളിയ ആന്‍ഡ്രു നേരത്തെ ചാള്‍സ് രാജാവുമായി ചര്‍ച്ച നടത്തിയതിനുശേഷം രാജകീയ പദവികള്‍ സ്വമേധയാ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അന്ന് രാജകുമാരന്‍ എന്ന പദവി നിലനിര്‍ത്തിയിരുന്നു. ഇതുകൂടി റദ്ദാക്കുന്നതാണ് ചാള്‍സ് രാജാവിന്റെ നടപടി. ബക്കിങ്ങാം കൊട്ടാരത്തില്‍നിന്ന് സാന്‍ഡ്രിങ്ങാം എസ്റ്റേറ്റിലെ സ്വകാര്യ വസതിയിലേക്കാകും ആന്‍ഡ്രു മാറുക എന്നാണ് വിവരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
